ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര സർക്കാരും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും തമ്മിൽ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
കഴിഞ്ഞ പത്തുദിവസമായി ജന്തർമന്തറിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്‌താണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനിൽക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങരുതെന്നും കരുതിയാണ് താൻ രാജി സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു. വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. ഇതിനിടെയാണ് മന്ത്രി രാജി സമർപ്പിച്ചത്.
സിജെപി സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. പരീക്ഷാക്രമക്കേടുകൾക്കെതിരേ കർശനനടപടികൾ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെ നീറ്റ് ഉൾപ്പെടെ ദേശീയ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ.) ഉടച്ചുവാർക്കൽ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജന്തർ മന്തറിൽ വൻ തോതിൽ ആഹ്ലാദ പ്രകടനം അരങ്ങേറുകയാണ്. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു‘വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു‘- അഭിജിത് ദീപ്കെ പറഞ്ഞു.

