കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയെ കുരുക്കി കൂടുതൽ തെളിവ്. നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിന്‍റെ കരാറും ഫോണിൽ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. ടി. വീണയ്ക്ക് എക്സാലോജിക്ക് സൊല്യൂഷൻസിന് പുറമെ മറ്റൊരു കമ്പനി കൂടിയുണ്ടെന്നും സംശയം. ‘ലേക്കർ ഇന്ത്യാ കോർപ്പറേഷൻ’ എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ മെയ് 27 ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്.
വീണയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപയും എക്സാലോജിക്കിൻ്റെ 27,585 രൂപയും കൂടാതെ ലേക്കർ ഇന്ത്യയുടെ 15,57,414 രൂപയും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കമ്പനിയാണ് ലേക്കർ ഇന്ത്യാ കോർപ്പറേഷൻ എന്നാണ് വിവരം. ഈ കമ്പനിയെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി വൃത്തങ്ങളുടെ തീരുമാനം.
നേരത്തേ സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയ്ക്കും പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എം.ഡി. ശശിധരൻ കർത്തയുടെ മൊഴി പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിൻ്റെ പേരിലാണ് പണം നൽകിയതെന്നും വീണയോ എക്സാലോജിക്കോ യാതൊരു സേവനവും നൽകിയിട്ടില്ലെന്നും 2024 ഏപ്രിൽ 17 ന് ഇ.ഡിക്ക് നൽകിയ മൊഴിയിൽ കർത്ത വ്യക്തമാക്കിയിരുന്നു. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഇല്ലാത്ത സേവനത്തിൻ്റെ പേരിൽ ഏകദേശം 2.78 കോടി രൂപയാണ് സിഎംആർഎൽ ഇവർക്ക് നൽകിയത്. സേവനങ്ങൾ ഒന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്‌ടിയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രേഖ ഉണ്ടെങ്കിൽ രേഖ കാണിച്ചു കൊള്ളട്ടെ. എല്ലാം നിങ്ങളുടെ സൃഷ്ടി. നിങ്ങൾക്ക് എന്തൊക്കെ സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിക്കുന്നു. ആ സൃഷ്ടി കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞോ. നല്ല ശ്രമങ്ങൾ നടത്തിക്കൊള്ളൂ. കേസ് എങ്ങനെ എങ്കിലും എന്നിലേക്ക് എത്തിക്കാനാണ് ശ്രമം. എന്നോട് നല്ല സ്‌നേഹമാണല്ലോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.

