വാഷിങ്ടൺ: ഇറാനെതിരെ തുടർച്ചയായ 13 ദിവസത്തെ കടുത്ത ബോംബാക്രമണങ്ങൾക്ക് ശേഷം അമേരിക്കൻ സൈന്യം ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പൂർണ്ണമായ യുദ്ധം ഒഴിവാക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കുന്നതിനുമാണ് നിലവിൽ ഈ താൽക്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമാൻ പ്രതിനിധി സംഘം ടെഹ്‌റാനിൽ എത്തി ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ആക്രമണം താൽക്കാലികമായി നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. ശത്രുത പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ ഇപ്പോൾ ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. ദിവസങ്ങൾ കഴിയുന്തോറും അവർ ഇതിനെ കൂടുതൽ ഗൗരവത്തോടെ കാണുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ എല്ലാ സജ്ജീകരണങ്ങളോടെയും തയാറാണ്. എങ്കിലും ചർച്ചകൾക്ക് തന്നെയാണ് മുൻഗണന” – ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്കായി ഒമാൻ പ്രതിനിധി സംഘം ഇറാനിൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് ട്രംപിൻ്റെ നിർണായക ഉത്തരവ് വന്നത്. ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വാരാന്ത്യത്തോടെ ഇതിൽ ഒരു തീരുമാനമുണ്ടാകുമെന്നും പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളുടെ ഫലം വിലയിരുത്തിയ ശേഷമാകും നിർദിഷ്ട കരാർ അംഗീകരിക്കണമോ എന്ന് ട്രംപ് തീരുമാനിക്കുക. നയതന്ത്ര ചർച്ചകൾക്ക് പുറമെ, അഞ്ചാം മാസത്തിലേക്ക് കടക്കുന്ന യുദ്ധത്തിൽ തങ്ങളുടെ വ്യോമ പ്രതിരോധ സാമഗ്രികളുടെ കുറവ് പരിഹരിക്കാനും ഈ ഇടവേള അമേരിക്ക ഉപയോഗപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 13 ദിവസങ്ങൾക്ക് ശേഷം ഇറാനിലോ, അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയോ പുതിയ ആക്രമണങ്ങൾ ഒന്നും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിട്ടെങ്കിലും, ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണമായി തുടരുമെന്ന് യു എസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.
അതേസമയം ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതർ സൗദി അറേബ്യയുടെ ചെങ്കടൽ തീരങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. സൗദി അറേബ്യ ഹുദൈദ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇതെന്നാണ് ഹൂത്തികളുടെ വാദം. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്ക് (Bab el-Mandeb Strait) തങ്ങൾ അടച്ചതായും ഹൂത്തികൾ പ്രഖ്യാപിച്ചു. യുഎസുമായി സമാധാനക്കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ സൈനിക വക്താക്കൾ തള്ളിപ്പറഞ്ഞു. അമേരിക്കയുമായി നിലവിൽ ചർച്ചകൾക്കൊന്നും തങ്ങൾ തയ്യാറല്ലെന്നാണ് ഔദ്യോഗിക പ്രതികരണം. തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഒത്തുതീർപ്പില്ലെന്നും, യുഎസ് വീണ്ടും ആക്രമിച്ചാൽ മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടരുമെന്നുമാണ് ഇറാന്റെ നിലപാട്.
സൗദിയെ അക്രമിക്കരുത് എന്ന് പാക്കിസ്ഥാൻ; ഇറാൻ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു.

