Sunday, July 26, 2026
Home » സൗദിയെ അക്രമിക്കരുത് എന്ന് പാക്കിസ്ഥാൻ; ഇറാൻ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു.
സൗദിയെ അക്രമിക്കരുത് എന്ന് പാക്കിസ്ഥാൻ; ഇറാൻ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു.

സൗദിയെ അക്രമിക്കരുത് എന്ന് പാക്കിസ്ഥാൻ; ഇറാൻ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു.

by Editor

ഇസ്ലാമബാദ്: സൗദി അറേബ്യയ്ക്ക് നേരെ ഇറാന്റെയോ അവരുടെ സഖ്യകക്ഷികളായ ഹൂതി വിമതരുടെയോ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകരുത് എന്ന് പാക്കിസ്ഥാൻ. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും സൗദിക്ക് മേൽ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാക്കിസ്ഥാൻ ശക്തമായി രംഗത്തെത്തി. സൗദി അറേബ്യയുടെ സുരക്ഷ തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്ന് പാക്കിസ്ഥാൻ ഇറാന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. സൗദിക്ക് നേരെയുള്ള ആക്രമണം പാക്കിസ്ഥാന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് നിലപാട്.

സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിരോധ കരാർ (Mutual Defense Pact) പ്രകാരം, 8,000 പാക് സൈനികരെയും യുദ്ധവിമാനങ്ങളെയും എയർ ഡിഫൻസ് സിസ്റ്റങ്ങളെയും പാക്കിസ്ഥാൻ സൗദിയിൽ വിന്യസിച്ചിട്ടുണ്ട്. ഹൂതികളുടെയോ ഇറാന്റെയോ ഭാഗത്തുനിന്ന് സൗദിക്ക് നേരെ വലിയ ആക്രമണമുണ്ടായാൽ ഈ പാക് സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കാളികളായേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള തന്ത്രപ്രധാനമായ പ്രതിരോധ കരാർ പ്രകാരം ഇരുരാജ്യങ്ങളിൽ ഏതിനെതിരെ ആക്രമണമുണ്ടായാലും അത് രണ്ടു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഈ കരാറിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ അനുകൂല ഹൂതികൾ സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ചെങ്കടലിൽ പുതിയ സമുദ്ര ഉപരോധം പ്രഖ്യാപിച്ചപ്പോൾ പാക്കിസ്ഥാൻ ഇറാന് നേരിട്ട് കടുത്ത മുന്നറിയിപ്പ് നൽകിയത്.

യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ സൗദിക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾ തടയാൻ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ രഹസ്യമായി മധ്യസ്ഥത വഹിച്ചതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. പാക്കിസ്ഥാനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡും (IRGC) തമ്മിലുള്ള രഹസ്യ എണ്ണക്കടത്ത് പങ്കാളിത്തം ആയുധമാക്കിയാണ് പാക്കിസ്ഥാൻ ഈ ധാരണയുണ്ടാക്കിയത് എന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ അഹമ്മദ് വാഹിദിയുമായി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനുള്ള ബിസിനസ്സ് ബന്ധമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് രഹസ്യമായി എണ്ണ കടത്തുന്നതിനുള്ള സംയുക്ത പങ്കാളിത്തം ഇരുവർക്കുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം അവസാനം മുതൽ ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് രഹസ്യമായി എണ്ണ കടത്തുന്നതായാണ് കണ്ടെത്തൽ. അമേരിക്കൻ ഉപരോധം നിലനിൽക്കുന്നതിനാൽ ഈ നിയമ വിരുദ്ധ എണ്ണക്കച്ചവടത്തിലൂടെ ഇരുവരും വൻതോതിൽ പണം സമ്പാദിക്കുന്നതായും ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ കരാർ പ്രകാരം സൗദി അറേബ്യയെ ആക്രമിക്കില്ലെന്ന് ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ ഈയിടെ ഇറാൻ സൗദിക്ക് നേരെ വീണ്ടും മിസൈൽ തൊടുത്തതോടെ, ഇത് തുടർന്നാൽ എണ്ണ വ്യാപാരം നിർത്തിവെക്കുമെന്ന് പാക്കിസ്ഥാൻ ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി.

അതേസമയം മേഖലയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, തകർന്നടിഞ്ഞ യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും തുടങ്ങാൻ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ പുതിയ നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇറാന്റെ ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമേനി ഈ ആഴ്ച ഇസ്ലാമാബാദ് സന്ദർശിച്ച് പാക് ഭരണാധികാരികളുമായും അസിം മുനീറുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദി നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ ധനസഹായവും വായ്പകളും നിലനിർത്താൻ പാക്കിസ്ഥാന് സൗദിയെ പിന്തുണച്ചേ മതിയാകൂ. അതുകൊണ്ടു തന്നെ സൗദി അറേബ്യയ്ക്ക് നേരെ ഒരു ബാഹ്യ ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ ആയുധമെടുക്കാൻ നിർബന്ധിതരാകും. ഇറാന്റെയോ ഹൂതികളുടെയോ മിസൈലുകൾ സൗദി മണ്ണിലേക്ക് പതിച്ചാൽ, സൗദിയിൽ തമ്പടിച്ചിരിക്കുന്ന പാക് സൈന്യത്തിന് ഉടനടി യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരും. കരാർ പ്രകാരം ആവശ്യമെങ്കിൽ 80,000 സൈനികരെ വരെ സൗദിയിലേക്ക് അയയ്ക്കാൻ പാക്കിസ്ഥാൻ ബാധ്യസ്ഥരാണ്.

അതേസമയം ഇറാനെതിരെ പാക്കിസ്ഥാൻ നേരിട്ട് യുദ്ധത്തിന് ഇറങ്ങിയാൽ പാക്കിസ്ഥാനിലെ വലിയൊരു വിഭാഗം വരുന്ന ഷിയാ ജനസംഖ്യയ്ക്കിടയിൽ അത് വലിയ ആഭ്യന്തര ലഹളകൾക്ക് കാരണമായേക്കാം. മാത്രമല്ല യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ നടത്താൻ മധ്യസ്ഥനായി നിൽക്കുന്നത് പാക്കിസ്ഥാനാണ്. സൗദിക്ക് വേണ്ടി യുദ്ധത്തിൽ പങ്കാളിയായാൽ ഈ മധ്യസ്ഥ പദവി പാക്കിസ്ഥാന് പൂർണ്ണമായി നഷ്ടപ്പെടും. ചുരുക്കത്തിൽ, നയതന്ത്രപരമായി യുദ്ധം ഒഴിവാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, സൗദി അറേബ്യ ആക്രമിക്കപ്പെട്ടാൽ കരാർ അനുസരിച്ച് പാക്കിസ്ഥാൻ യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരും.

ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു; പശ്ചിമേഷ്യൻ സംഘർഷം വർദ്ധിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!