Saturday, July 25, 2026
Home » കോടതികൾ അധികാരികളുടെ രക്ഷകരാകരുത്
കോടതികൾ അധികാരികളുടെ രക്ഷകരാകരുത്

കോടതികൾ അധികാരികളുടെ രക്ഷകരാകരുത്

by Editor

തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈ കോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്. രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടിമെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമ വ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയം ഭരണ സ്ഥാപനമാകുന്നില്ല?

കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്‌ജ് ചോദിച്ചത് ‘സർക്കാരും ആഭ്യന്തരവകുപ്പും നാറിക്കോട്ടെ എന്ന ഉദ്ദേ ശമുണ്ടോ? പ്രതിക്ക് സുപ്രിംകോടതിവരെ പോകാനുള്ള അവസരം നിങ്ങൾ ഉണ്ടാക്കി കൊടുത്തു. സാധാരണ ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടും’ തുടങ്ങിയ ശകാരമാണ് നടത്തിയത്. കേരളത്തിനാവശ്യം സർക്കാർ വാലാട്ടികളായ ജഡ്ജസ് അല്ല ഇതുപോലെ നിയമങ്ങളെ ദുരന്തത്തിലേക്ക് നയിക്കാത്ത ന്യായാധിപന്മാരാണ്. കോടതി ചോദിച്ചതു പോലെ നമ്മുടെ സമർത്ഥരായ പോലീസ് വകുപ്പിനെ നാറ്റിച്ചത് ആരാണ് ? കേരളം ഭരിച്ചുമുടിച്ചവരല്ലേ? രാഷ്ട്രീയ ഗോദയിൽ അലഞ്ഞുതിരിഞ്ഞു അടിമപ്പണി ചെയ്‌തവരെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വ്യാജ സർട്ടിഫിക്കറ്റുമുണ്ടാക്കി കൊടുത്തും പരീക്ഷകളിൽ തിരിമറി നടത്തിയും പോലീസ് സേനയിൽ ചേർക്കു ന്നത് ആരാണ്?

കൊടുംകുറ്റവാളികളെ കുറ്റവിമുക്തരാക്കാൻ ആരാണ് സുപ്രിം കോടതിയിൽ പോകാറുള്ളത്? അവിടെ നിന്ന് വരുന്ന പ്രമുഖ അഭിഭാഷകർക്ക് ലക്ഷങ്ങൾ കൊടുക്കുന്നത് ആരുടെ നികുതിപ്പണമാണ്? ഭീകരവാദികൾ ബോംബ് വെച്ച് നിരപരാധികളെ കൊല്ലുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം? യാഥാർഥ്യങ്ങളെ മാറ്റിമറിക്കാൻ ഭരണത്തിലുള്ളവർ എന്തുകൊണ്ട് ശ്രമിക്കുന്നു? സമൂഹത്തെ ഇത്തരത്തിൽ അപക ടത്തിലേക്ക് നയിക്കുന്ന, സത്യത്തെ കൊള്ള ചെയ്യുന്നവർ, മുഖംമൂടികൾ, നിക്ഷിപ്‌ത താല്‌പര്യക്കാർ വീണ്ടും വീണ്ടും എന്തുകൊണ്ട് അധികാരത്തിൽ വരുന്നു? വിവേകമുള്ള, തിരിച്ചറിവുള്ള ഒരു ജനതയെ ഇങ്ങനെ വിഡ്ഢികളാക്കുമോ? ഈ ഭീകരകൂട്ടർക്ക് വോട്ടുചെയ്യുന്നവരുടെ മനസ്സിൽ ജാതി മതമെന്ന ഭീതി, ഉത്കണ്ഠ ഉണർത്തി വളർത്തി നിറച്ചും അല്ലെങ്കിൽ ചാക്കുകെട്ടുകളായി വരുന്ന കള്ളപ്പണം വിതറിയും വോട്ടുപെട്ടി നിറയ്ക്കുന്നു. എത്രയോ ക്രിമിനലുകൾ ജനപ്രതിനിധികളാകുന്നു?

പോലീസ് വകുപ്പ് എന്നല്ല ഏത് വകുപ്പയാലും ഇവരുടെ അടിമകൾ അനീതി, അഴിമതി നടത്തി ഭീതിജനകമായ അന്തരീക്ഷമാണുണ്ടാക്കുന്നത്. ഇതെല്ലാം കണ്ടിട്ടും ഈ കാപട്ടങ്ങൾക്കെതിരെ എഴുത്തുകാർപോലും പ്രതികരിക്കാറില്ല. ഒരു കൂട്ടർക്ക് പ്രതികരണശേഷിയില്ല മറ്റൊരു കൂട്ടർക്ക് പ്രധാനം പദവി, പുരസ്‌കാരങ്ങളാണ്. പാർട്ടി എഴുത്തുകാരനായാൽ സൗഭാഗ്യങ്ങൾ ഏറെയാണ്. അധികാരത്തിൽ വരുന്ന പലരും ഇങ്ങനെ വിധേയത്വ വർഗ്ഗത്തെ വാർത്തെടുക്കാറുണ്ട്. ഉപരിവർഗ്ഗത്തോടും സമ്പന്നരോടും വിധേയത്വം കാണിക്കുക പാവങ്ങളെ പീഡിപ്പിക്കുക, സ്ത്രീകളൊട് അപമര്യാദയായി പെരുമാറുക, ധാർമ്മികമായി നിലകൊള്ളുന്നവരെ വ്യക്തിഹത്യ നടത്തുക. ജനാധിപത്യം ഞെക്കിപ്പഴുപ്പിച്ച പഴമോ, ഏകാധിപത്യമോ അല്ല. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ അഭിപ്രായങ്ങൾ തുറന്നുപറയാൻ, എഴുതാൻ, വിശ്വസിക്കാൻ, വിശ്വസിക്കാതിരിക്കാൻ, സമരം ചെയ്യാൻ എല്ലാവർക്കും അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. ഞാനോ മേലെ നീയോ മേലെ എന്നില്ല. എല്ലാവരും തുല്യരാണ്. മലയാളികൾ പ്രബുദ്ധരെന്ന് വീമ്പ് പറയുന്ന നാട്ടിൽ കൊടുംക്രൂരതകൾക്കെതിരെ, മിഥ്യാബോധ്യങ്ങൾക്കെതിരെ സങ്കുചിത മനസ്‌കരായി മനുഷ്യർ മാറുന്നതെന്താണ്? അധഃപതിച്ചുപോയ പ്രതികരണശേഷി എന്നുണ്ടാകും?

ലിമ വേൾഡ് ലൈബ്രറി ഗ്രൂപ്പിലുള്ള എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഭാരത ജനതയ്ക്ക് അപമാനമെന്ന് എന്നെഴുതി കണ്ടപ്പോൾ എനിക്കും അഭിമാനം തോന്നി. അത് ആനപ്പുറത്തിരുന്നാലും, അളകാപുരി ഭരിച്ചാലും അഴകിയവനെ കണ്ട് അപ്പാ എന്ന് വിളിക്കരുത്. ധാർമ്മികശക്തിയായി നിലകൊള്ളേണ്ടവരാണ് സർഗ്ഗ പ്രതിഭകൾ. സവർണാധിപത്യമുണ്ടായിരുന്ന കാലത്തു പോലും അവരെ തളയ്ക്കാൻ നാടുവാഴികൾക്ക് സാധിച്ചിട്ടില്ല. ഇതിന് ഇടയാക്കിയ സംഭവം ഇന്ത്യയിലെ നീറ്റ് പരീക്ഷ അട്ടിമറിച്ചതിനെതിരെ അതിൻ്റെ തലവനായ മന്ത്രി രാജിവെക്കണം എന്നാവശ്യവുമായി സമാധാ നമപരമായി സമരം നടത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചവർക്കതിരെ പരാതിയുമായി ചെന്ന വിദ്യാർത്ഥികളോട് ചീഫ് ജസ്റ്റിസ് പറഞ്ഞത് ‘കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത്‘ എന്നാണ്. അവരോട് അല്പം ദയ കാട്ടാമായിരിന്നു. പോലീസിൽ നിന്ന് നീതി ലഭിക്കാത്തതുകൊണ്ടല്ലേ അവർ കോടതിയെ സമീപിച്ചത്. വളരെ ഭീകരമായിട്ടാണ് യൂണിഫോമില്ലാത്ത ഗുണ്ടകൾ കുട്ടികളെ തല്ലിച്ചതച്ചു് എന്നാരോപണം നിലനിൽക്കുന്നു. അന്വേഷണം നടത്തുമോ കുറ്റവാളികളെ ശിക്ഷിക്കുമോ എന്നറിയില്ല.

മുന്നൂറോളം കുട്ടികൾ ആശുപത്രിയിലായി. സാക്ഷി എന്ന കുട്ടിക്ക് പോലീസ് ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേറ്റ് മരണവുമായി മല്ലടിക്കുന്നു. ആ കുഞ്ഞിൻ്റെ ജീവനായി കണ്ണീർവാർത്തു നിൽക്കുന്ന ഒരമ്മയുടെ നോമ്പരം ആരിലും അമർഷം ആളിക്കത്തിക്കുന്നതാണ്. കേരളത്തിലേതുപോലെ പോലീസ് സേനയിൽ തിരുകികയറ്റുന്ന പദ്ധതി ഡൽഹി പോലീസിലുള്ളത് ഈ സംഭവത്തിലൂടെ തെളിയുന്നു. അവരാണല്ലോ കേരളത്തിൽ കണ്ടതുപോലുള്ള രക്ഷാപ്രവർത്തനം നടത്തുന്ന മനുഷ്വത്വം മരവിച്ച ഗുണ്ടകൾ. ആര് ഭരിച്ചാലും അധികാരമുള്ളതുകൊണ്ട് പോലീസിനെ കയറൂരി വിട്ട് നടത്തുന്ന മർദ്ദനമുറകൾ അധികാ രുന്മാദത്തിന്റെ ഭ്രാന്തമായ കാഴ്‌ചപ്പാടാണ്. നീതിന്യായ വകുപ്പുകൾ നീതി ആഗ്രഹിക്കുന്ന മനുഷ്യർക്ക് താങ്ങും തണലുമാകണം. അധികാരികളുടെ കോളാമ്പി തൂക്കി കൂടുതൽ കിട്ടുന്നിടത്തേക്ക് പോകരുത്.

കാരൂർ സോമൻ, (ചാരുംമൂടൻ)
karoorsoman@yahoo.com

Send your news and Advertisements

You may also like

error: Content is protected !!