Sunday, July 26, 2026
Home » ഇറാനെതിരായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ആദ്യഘട്ടങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ

ഇറാനെതിരായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ആദ്യഘട്ടങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ

by Editor

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ ചില ഗൾഫ് രാജ്യങ്ങൾ നേരിട്ട് പങ്കെടുക്കുകയോ യുഎസ്-ഇസ്രായേൽ സഖ്യത്തിന് പിന്തുണ നൽകുകയോ ചെയ്തതായി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നതിനിടെ, ഇറാന്റെ നിരന്തരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നും സൈനിക നീക്കങ്ങളുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

ബഹ്‌റൈനും കുവൈത്തും ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ രഹസ്യ വ്യോമാക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു, യു.എ.ഇ ഇതിന് രഹസ്യാന്വേഷണ പിന്തുണ നൽകിയതായും പരാമർശമുണ്ട്. നിരന്തരമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും, കുവൈത്ത് ഇത് നിഷേധിച്ചിട്ടുണ്ട്.

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ യു.എ.ഇ (UAE) ഇറാനെതിരെ നേരിട്ട് വ്യോമാക്രമണങ്ങൾ നടത്തിയതായും പരാമർശമുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ യു.എ.ഇ വളരെ സജീവമായ സൈനിക നിലപാടാണ് സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. യു.എ.ഇയുടെ എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് നേരിട്ടുള്ള തിരിച്ചടിയായാണ് അബുദാബി ഈ കടുത്ത സൈനിക നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ യു.എ.ഇ നേരിട്ട് ഇറാനിലെ തന്ത്രപ്രധാനമായ ലാവൻ ദ്വീപ് എണ്ണ ശുദ്ധീകരണശാല, അസലൂയ പെട്രോകെമിക്കൽ കോംപ്ലക്സ്, ബന്ദർ അബ്ബാസ് പോർട്ട് സിറ്റി എന്നിവിടങ്ങളിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നതായി മിഡിൽ ഈസ്റ്റ് ഐ അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ബ്രിക്സ് (BRICS) ഉച്ചകോടിയിൽ വെച്ച് യു.എ.ഇ തങ്ങൾക്കെതിരെയുള്ള സൈനിക നീക്കങ്ങളിൽ നേരിട്ട് പങ്കാളികളായതായും ഇസ്രായേലിനും അമേരിക്കയ്ക്കും തങ്ങളുടെ വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഇന്റലിജൻസും നൽകിയതായും പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

യുദ്ധത്തിന്റെ തുടക്കത്തിൽ സൗദി അറേബ്യയും യുഎസിനൊപ്പം ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. നിലവിൽ നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് മാറിനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കാൻ സൗദി അനുമതി നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ നടത്തിയ ഈ ആക്രമണങ്ങൾക്കെല്ലാം യു.എസും ഇസ്രായേലും കൃത്യമായ റഡാർ വിവരങ്ങളും രഹസ്യാന്വേഷണ പിന്തുണയും നൽകിയിരുന്നതായി മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

Send your news and Advertisements

You may also like

error: Content is protected !!