Saturday, July 25, 2026
Home » ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു; പശ്ചിമേഷ്യൻ സംഘർഷം വർദ്ധിക്കുന്നു.
ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു.

ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു; പശ്ചിമേഷ്യൻ സംഘർഷം വർദ്ധിക്കുന്നു.

by Editor

റിയാദ്: ബാബ് അൽ മന്ദബ് കടലിടുക്കിൽ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂത്തി വിമതർ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. സൗദി അറേബ്യൻ പതാക വഹിച്ച ‘എൻസെലിയ’ (Encelia), ‘ലൈല’ (Layla) എന്നീ രണ്ട് വൻകിട എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ‘എൻസെലിയ’ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇതോടെ പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ പുതിയൊരു യുദ്ധമുഖം കൂടി തുറക്കപ്പെട്ടിരിക്കുകയാണ്.

സൗദി അറേബ്യൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി വക്താവ് യഹ്യ സരിയ വ്യക്തമാക്കി. യെമന് മേൽ സൗദി ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നത് വരെ തങ്ങളുടെ നീക്കം തുടരുമെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്ക തുടർച്ചയായി വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് ഹൂത്തികളുടെ ഈ പുതിയ നീക്കം.

യു.എസ്-ഇറാൻ യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് ഇതിനകം തന്നെ അടഞ്ഞു കിടക്കുകയാണ്. ഇതിനാൽ സൗദി തങ്ങളുടെ എണ്ണ കയറ്റുമതി ചെങ്കടൽ വഴിയാക്കി മാറ്റിയിരുന്നു. ഇപ്പോൾ ബാബ് അൽ മന്ദബിലും ഹൂത്തികൾ ഭീഷണി ഉയർത്തിയതോടെ ആഗോള എണ്ണ വിതരണത്തിന്റെ 25 ശതമാനത്തോളം തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. ഹൂത്തികൾ ആക്രമണം ആവർത്തിച്ചാൽ ഇറാനും ഹൂത്തികൾക്കുമെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹൂത്തികളെ ഇളക്കി വിടുകയാണ് ഇറാനെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഹൂത്തികൾ സൗദിക്കെതിരെ ആക്രമണം തുടർന്നാൽ സൗദിക്കായി പാക്കിസ്ഥാൻ സേന രംഗത്തിറങ്ങിയേക്കും എന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. യുഎസ് സൈന്യം യുകെയിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ബി-1 ലാൻസർ (B-1 Lancer) ലോങ്-റേഞ്ച് ബോംബർ ഉപയോഗിച്ച് ഇറാനിൽ ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ‘ദി ബോൺ’ (The Bone) എന്നറിയപ്പെടുന്ന ബി-1 ലാൻസർ ബോംബറുകൾക്ക് 2,000 പൗണ്ട് ഭാരമുള്ള ഡസൻ കണക്കിന് ബോംബുകളും ക്രൂയിസ് മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്. ഭൂഗർഭ ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ജി.ബി.യു-72 (GBU-72 Bunker-Buster) ബോംബുകളും ഇതിൽ ഉപയോഗിക്കാറുണ്ട്.

യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) തുടർച്ചയായ 13 രാത്രികളിലാണ് ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ടെഹ്‌റാൻ നഗരത്തിന് സമീപത്തെ സൈനിക മേഖലകൾ കൂടാതെ തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലുള്ള ബെഹ്ബഹാൻ, ഒമീദിയെ നഗരങ്ങളിലും യു.എസ് മിസൈലുകൾ പതിച്ചു. ബുഷെർ പ്രവിശ്യയിലെ ആണവനിലയത്തിന് സമീപമുള്ള ഒരു വൈദ്യുത നിലയത്തിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ പ്രാദേശിക അയൽരാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന്റെ നയം ‘കണ്ണിന് കണ്ണ്’ എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

ഈ മാസം നടന്ന യു.എസ് വ്യോമാക്രമണങ്ങളിൽ മാത്രം ഇറാനിൽ കുറഞ്ഞത് 55 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 13 രാത്രികൾ തുടർച്ചയായി നീണ്ടുനിന്ന യു.എസ് വ്യോമാക്രമണങ്ങളുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറാനിൽ 12 പേർ കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമൻപൂർ സ്ഥിരീകരിച്ചു.

ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകളെ തടയുമെന്ന് ഹൂതികളുടെ ഭീഷണി; പത്താം രാത്രിയിലും ആക്രമണം തുടർന്ന് യു എസ്.

Send your news and Advertisements

You may also like

error: Content is protected !!