Saturday, July 25, 2026
Home » 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവ
ട്രംപ്

60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവ

by Editor

വാഷിങ്ടൺ: തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 10% മുതൽ 12.5% വരെ അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. യുഎസ് സമയം വെള്ളിയാഴ്ച (ജൂലൈ 24) പുലർച്ചെ മുതൽ ഈ പുതിയ നിരക്കുകൾ നിലവിൽ വന്നു.

തൊഴിൽ ചൂഷണം തടയാൻ നിയമങ്ങളുണ്ടാക്കുകയോ അതിനായി ധാരണയിലെത്തുകയോ ചെയ്ത ഇന്ത്യ, കാനഡ, യുകെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മെക്സിക്കോ ഉൾപ്പെടെയുള്ള 17 രാജ്യങ്ങൾക്ക് 10% നിരക്കാണ് ബാധകമാവുക. കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നടപ്പാക്കാത്ത ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ അവശേഷിക്കുന്ന 43 രാജ്യങ്ങൾ ഉയർന്ന തീരുവയായ 12.5% നേരിടണം.

യുഎസ് ട്രേഡ് ആക്ട് 1974-ലെ ‘സെക്ഷൻ 301’ വകുപ്പ് പ്രകാരമാണ് ട്രംപ് ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മുൻപ് ട്രംപ് ഏർപ്പെടുത്തിയ ആഗോള നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനെ മറികടക്കാൻ കൂടുതൽ ശക്തമായ ഈ വകുപ്പാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. മുൻപ് താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന 10% സാർവത്രിക നികുതിയുടെ കാലാവധി ജൂലൈ 24-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് സമയം അനുവദിക്കുന്നതിനായി പുതിയ തീരുവകൾ നടപ്പിലാക്കുന്നതിൽ താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ, പരസ്പര വ്യാപാര കരാറിലൂടെ അതിന് തയ്യാറാവുകയോ, അല്ലെങ്കിൽ ഇതിനകം ഭാഗികമായ നിരോധനം ഏർപ്പെടുത്തുകയോ ചെയ്ത രാജ്യങ്ങൾക്കാണ് 10 ശതമാനം നിരക്ക് ബാധകമാകുന്നതെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!