ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ ഓർമ്മകൾ പുതുക്കി രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച 527 ധീരജവാൻമാർക്ക് രാജ്യം ആദരാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണിത്. 1999-ൽ പാക് സൈന്യം രഹസ്യമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നുകയറി കാർഗിൽ മലനിരകളിലെ തന്ത്രപ്രധാന മേഖലകൾ കൈയടക്കാൻ ശ്രമിച്ചതോടെയാണ് യുദ്ധത്തിന് തുടക്കമായത്.
ശൈത്യകാലത്ത് ചില ഉയർന്ന പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറിയ സാഹചര്യം മുതലെടുത്തായിരുന്നു പാക്കിസ്ഥാന്റെ കടന്നുകയറ്റം. തുടർന്ന് ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 16,000 മുതൽ 18,000 അടി വരെ ഉയരമുള്ള മഞ്ഞുമലകളിൽ നടന്ന അതിദുഷ്‌കരമായ പോരാട്ടം 60 ദിവസത്തിലേറെ നീണ്ടു. ഒടുവിൽ പാക് സൈന്യത്തെയും അവരുടെ പിന്തുണയോടെ എത്തിയ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യൻ സൈന്യം തുരത്തുകയും കാർഗിൽ കൊടുമുടികളിൽ വീണ്ടും ത്രിവർണ പതാക ഉയർത്തുകയും ചെയ്‌തു. 1999 ജൂലൈ 14-ന് ഇന്ത്യ വിജയിച്ചെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. തുടർന്ന് ജൂലൈ 26-ന് യുദ്ധം പൂർണമായി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതിൻ്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്.
കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പാക് അധീന കശ്മീരിനെ കുറിച്ച് മാത്രം
27-ാമത് കാർഗിൽ വിജയ് ദിവസാചരണത്തോടനുബന്ധിച്ച് ലഡാക്കിലെ ദ്രാസ് യുദ്ധ സ്മാരകത്തിൽ വെച്ച് പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. ഇന്ത്യയ്‌ക്കെതിരെ അതിക്രമങ്ങൾക്ക് മുതിർന്നാൽ ഭാവനയിൽ കാണാത്ത വിധത്തിലുള്ള അതിശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയ്‌ക്ക് പാക്കിസ്ഥാനുമായി ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് പാക് അധീന ജമ്മു-കശ്മീർ (PoJK) സംബന്ധിച്ച വിഷയത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച രാജ്‌നാഥ് സിംഗ്, അവരുടെ ത്യാഗം രാജ്യത്തിന് എന്നും പ്രചോദനമാണെന്ന് പറഞ്ഞു. കാർഗിലിലെ അതിദുഷ്‌കരമായ ഭൂപ്രദേശത്തും മൈനസ് 40 ഡിഗ്രി വരെ താഴുന്ന താപനിലയിലും ഇന്ത്യൻ സൈന്യം കാഴ്‌ചവെച്ച വീരപോരാട്ടം ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ധീരജവാൻമാരുടെ ഓർമ ഇന്ത്യ നിലനിൽക്കുന്നിടത്തോളം കാലം നിലനിൽക്കുമെന്നും പുതിയ തലമുറയ്ക്ക് അവരുടെ വീരഗാഥ പ്രചോദനമാകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരവാദത്തിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഭീകരരും സൈന്യവും തമ്മിൽ പാക്കിസ്ഥാനിൽ വ്യത്യാസമില്ലാത്ത അവസ്ഥയാണെന്നും ഭീകരർക്ക് സൈന്യം സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്കെതിരെ കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കരുതെന്ന സന്ദേശമാണ് പാക്കിസ്ഥാന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസുരക്ഷയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിർത്തി മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

