മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 11 മണിയോടെ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് (കൈലാസ് ഓഡിറ്റോറിയത്തിന്) സമീപമാണ് ഈ ദാരുണമായ സംഭവം നടന്നത്. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. മഴയുണ്ടായിരുന്ന സമയത്ത് ഇറക്കവും വളവുമുള്ള റോഡിലൂടെ അമിത വേഗതയിൽ വന്നതാണ് അപകടത്തിന് കാരണമായത് എന്ന് നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിലൂടെ തെന്നിമാറി ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയും, സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വീണ് ബസിന്റെ നടുഭാഗം മുറിയുകയും ചെയ്തു. അപകടം നടന്നയുടൻ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.

