ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ ‘ടെറിട്ടറി’ (യു.എസ് പ്രവിശ്യ) ആയി പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.
ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക പൂർണ്ണ വിജയം നേടുമെന്നും, അതിനുശേഷം ഹോർമുസ് കടലിടുക്ക് യു.എസ് ടെറിട്ടറിയായി പ്രഖ്യാപിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. നിലവിൽ അവിടെ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ശക്തമാണെന്നും തന്റെ അനുവാദമില്ലാതെ ഒരു കപ്പൽ പോലും കടന്നുപോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്നാക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ഇറാനെ ഒരിക്കലും ആണവശക്തിയാകാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.
അതേസമയം ട്രംപിന്റേത് വെറും അതിമോഹമാണെന്ന് ഇറാൻ പ്രതികരിച്ചു. ട്വീറ്റുകൾ വഴിയോ, യുദ്ധക്കപ്പലുകൾ കാട്ടിയോ, തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വഴിയോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഈ ജലപാത അടഞ്ഞുകിടക്കുമെന്നും ഇറാൻ അറിയിച്ചു.
കപ്പലുകൾക്കുനേരെ ഹോർമുസിൽ വീണ്ടും ഇറാൻ ആക്രമണം.
ഹോർമുസ് കടലിടുക്കിൽ യുഎഇ ദേശീയ എണ്ണക്കമ്പനിയായ ADNOC-ന്റെ കപ്പലുകൾക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) രണ്ട് കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. എന്നാൽ ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെടുന്ന ADNOC-ന്റെ 15-ാമത്തെ കപ്പലാണിത്. ഇറാന്റെ അനുവാദമില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് അവരുടെ റവലൂഷനറി ഗാർഡ് (IRGC) ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ഈ നടപടിയെ കടൽക്കൊള്ളയെന്നും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയെന്നും വിശേഷിപ്പിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം ഇതിനെ ശക്തമായി അപലപിച്ചു. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ ഗൾഫ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇറാനെതിരെയുള്ള സാമ്പത്തിക-നാവിക ഉപരോധങ്ങൾ അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. മുൻപെങ്ങുമില്ലാത്ത വിധം ഇറാനെ ഒറ്റപ്പെടുത്തുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യവും ഇന്നേവരെ കണ്ടിട്ടില്ലാത്ത മട്ടിലുള്ള ഉപരോധമായിരിക്കും നേരിടേണ്ടിവരികയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.

