പെർത്ത്: ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ പാർട്ടി നേതാവ് പോളിൻ ഹാൻസണെതിരെയും (Pauline Hanson) അവരുടെ വൺ നേഷൻ പാർട്ടിക്കെതിരെയും പെർത്ത് ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ നഗരങ്ങളിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം അരങ്ങേറി. 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച, നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്‌സ് (NUS) സംഘടിപ്പിച്ച “സ്റ്റുഡന്റ്‌സ് സേ നോ ടു ഹാൻസൺ” സമരത്തിന്റെ ഭാഗമായാണ് പെർത്ത് നഗര മധ്യത്തിൽ ആയിരക്കണക്കിന് സ്കൂൾ-സർവ്വകലാശാല വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് തെരുവിലിറങ്ങിയത്.
രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ നയങ്ങൾക്കെതിരെയും സ്കൂളുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെയും പ്രതിഷേധിച്ച വിദ്യാർത്ഥികൾ, തങ്ങളുടെ ഭാവിയെ കരുതിയാണ് തെരുവിൽ ഇറങ്ങിയതെന്ന് വ്യക്തമാക്കി. നൂറിലധികം ഹൈസ്കൂളുകളിൽ നിന്നുള്ള കുട്ടികൾ സമരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പെർത്ത് സിബിഡിയിലെ ഫോറസ്റ്റ് ചേസിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ പോളിൻ ഹാൻസനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. പെർത്തിന് പുറമെ സിഡ്‌നി, മെൽബൺ, ബ്രിസ്ബേൻ, അഡ്‌ലെയ്ഡ്, കാൻബറ തുടങ്ങിയ പ്രമുഖ ഓസ്‌ട്രേലിയൻ നഗരങ്ങളിലും ഒരേസമയം വൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നു.
എന്നാൽ വിദ്യാർത്ഥി സമരത്തിനെതിരെ വിമർശനവുമായി പോളിൻ ഹാൻസണും വൺ നേഷൻ നേതാക്കളും രംഗത്തെത്തി. കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുന്നതിന് പകരം എന്ത് ചിന്തിക്കണമെന്ന് പഠിപ്പിക്കുകയാണ് സ്‌കൂളുകൾ ചെയ്യുന്നതെന്നും അധ്യാപകരാണ് കുട്ടികളെ ഇതിനായി ഉപയോഗിക്കുന്നതെന്നും വൺ നേഷൻ നേതാവ് ബാർനബി ജോയ്‌സ് ആരോപിച്ചു. കുട്ടികൾ ക്ലാസുകൾ ഒഴിവാക്കി ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നതിന് പകരം വാരാന്ത്യങ്ങളിൽ പ്രതിഷേധങ്ങൾ വെച്ചുകൊള്ളണമെന്നും ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പ്രതികരിച്ചു. കുട്ടികളുടെ രാഷ്ട്രീയ അവകാശങ്ങളെ മാനിക്കുമ്പോൾ തന്നെ അവരുടെ പഠനം നഷ്ടപ്പെടരുതെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പും സ്‌കൂൾ അധികൃതരും.

