ജക്കാർത്ത: കിഴക്കൻ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണം 47 ആയി. ഫ്ലോറസ് ദ്വീപിന്റെ വടക്കൻ തീരക്കടലിൽ, ഏകദേശം 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആദ്യ പ്രകമ്പനത്തിന് ശേഷം ശക്തമായ രണ്ട് തുടർചലനങ്ങൾ കൂടി അനുഭവപ്പെട്ടു. ഇതിൽ ഒന്നിന് 6.1 തീവ്രത രേഖപ്പെടുത്തി. ആദ്യ കണക്കുകൾ പ്രകാരം 160-ഓളം വീടുകളും, അഞ്ചിലധികം ആരോഗ്യ കേന്ദ്രങ്ങളും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്.
ഇന്തൊനീഷ്യൻ ദേശീയ ദുരന്തനിവാരണ ഏജൻസിയുടെ (BNPB) ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഭൂചലനത്തിൽ മരണസംഖ്യ 47 ആയി ഉയർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനൊപ്പം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തകർ അറിയിക്കുന്നു. ഭൂകമ്പത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ കാരണം പല റോഡുകളും തടസ്സപ്പെട്ടത് ഉൾപ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ശനിയാഴ്‌ച രാവിലെ 5.58-നാണ് ഭൂചലമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈസ്‌റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ നഗരമായ എൻഡെയ്ക്ക് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തീരപ്രദേശങ്ങളിലുള്ളവരോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ചെറിയ സുനാമി തിരമാലകൾ ഉണ്ടായെങ്കിലും പിന്നീട് സുനാമി ഭീഷണി ഒഴിഞ്ഞതായി ഇന്തൊനീഷ്യൻ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

