ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഈ ദൗത്യം നിർവഹിക്കുന്നത് വനിതകളാണെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA-യാണ് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ആർമി ചീഫ് അമീർ ഹതാമിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
ഈ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ വിപണി വിലയുടെ ഇരട്ടി തുകയ്ക്ക് ഇറാൻ സൈന്യം വാങ്ങുകയും അവ പ്രത്യേക മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. യു.എസുമായുള്ള സൈനിക സംഘർഷത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് വലിയ തോതിൽ ജനങ്ങളിൽ നിന്ന് അപേക്ഷകൾ ഉയർന്നതിനാലാണ് ഇത്തരമൊരു പദ്ധതി തയാറാക്കിയതെന്നാണ് ഇറാന്റെ വിശദീകരണം.
നിലവിൽ കരയുദ്ധം നടക്കാത്ത സാഹചര്യത്തിൽ യു.എസ് സൈനികരെ എങ്ങനെയാണ് കൊല്ലുകയോ പിടികൂടുകയോ ചെയ്യുകയെന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. ഏപ്രിലിൽ യു.എസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യു.എസ് ഇറാൻ മണ്ണിൽ നേരിട്ടിറങ്ങിയത്.
ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ ആറുമാസത്തോളമായി തുടരുകയാണ്. വെടിനിർത്തലിനുള്ള ശ്രമങ്ങളെല്ലാം ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. ഇറാനിൽ യു.എസ് കരയുദ്ധം നേരിട്ട് ആരംഭിച്ചിട്ടില്ലെങ്കിലും ഇടവിട്ട് വ്യോമാക്രമണങ്ങൾ നടത്തിവരുന്നുണ്ട്. യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുമുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ജൂൺ മാസത്തിൽ ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തിന്റെ 60 ദിവസത്തെ കാലാവധി ഇന്നാണ് (2026 ഓഗസ്റ്റ് 17) അവസാനിക്കുന്നത്. എന്നാൽ, കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ചർച്ചകളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. യു.എസ് തങ്ങളുടെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാതെയും, തടഞ്ഞുവെച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകാതെയും ചർച്ചകളിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനുമായി തങ്ങൾ ഇപ്പോൾ ഭാഗികമായി മാത്രമേ ചർച്ചകൾ നടത്തുന്നുള്ളൂവെന്നും, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാൻ വൈകാതെ കീഴടങ്ങുമെന്നുമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്.
ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ എന്ന് ട്രംപ്; കപ്പലുകൾക്കുനേരെ ഹോർമുസിൽ വീണ്ടും ഇറാൻ ആക്രമണം.

