Sunday, August 2, 2026
Home » അധ്യാപകരുടെ വിലപ്പെട്ട സ്നേഹ സമ്മാനം.
അധ്യാപകരുടെ വിലപ്പെട്ട സ്നേഹ സമ്മാനം.

അധ്യാപകരുടെ വിലപ്പെട്ട സ്നേഹ സമ്മാനം.

by Editor

നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തിൽ വരുന്ന പല തീവ്രവാദ ശക്തികൾ ശ്രമിക്കാറുള്ളത്. ഈ ബുദ്ധിശൂന്യരെ പാർട്ടി അടിമകൾ വിളിക്കുന്നത് മുത്തുമാണിക്യം എന്ന പേരിലാണ്. അറിവിൽ ഒരു തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ഭീകര പ്രവർത്തനങ്ങൾപോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തുഫാൻ‘ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയല്ലെന്നും, അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കു മരുന്ന് ഭാവി തലമുറയെ തകർക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വൻസ്രാവുകൾ ഈ രംഗത്തുള്ളത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക് മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ളവരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തുഫാൻ കാക്കകൾ വഴികാണിച്ചത് തീട്ടക്കുഴിയിലേക്കെന്നത് ഈ ലഹരി ഭീകരവാദികളായ അധ്യാപകർ തിരിച്ചറിഞ്ഞില്ല. അധികാരത്തിൻ്റെ ഇടനാഴികളിലൂടെ അഴിമതി നടത്തി പിൻവാതിലിലൂടെ പലവകുപ്പുകളിൽ കടന്നുകൂടിയവർ ധാരാളമാണ്. കഴുത കുളിച്ചാൽ കുതിരയാകുമോ?

പുകഴ്ത്തുന്നവന് ധാരാളം വാഴ്ത്തുപാട്ടുകാരെ കിട്ടും. സത്യം പറയുന്നവന് ശത്രുക്കളെ കിട്ടും എന്നതുപോലെ അഴിമതി വീരന്മാരായ ചില രാഷ്ട്രീയ പ്രമാണിമാർ ഇപ്പോൾ ആഭ്യന്തര വകുപ്പിനെതിരെ ഒളിയമ്പുകൾ തലയില്ലാത്ത സോഷ്യൽ മീഡിയ വഴി നടത്തുന്നുണ്ട്. കള്ളക്കഥകൾ പ്രചരിപ്പിച്ചു് ആൾക്കാരുടെ എണ്ണം കൂട്ടി സമ്പാദനം നടത്താനെ സാധിക്കു. സത്യം മൂടിവെക്കാനാവില്ല. ഈ കൂട്ടർ അറിയേണ്ടത് പാപത്തിന് പ്രതിഫലം പാതാളമാണ്. മുഖം നോക്കാതെ നടപടി എടുക്കുന്നവരാണ് നല്ല ഭരണാധിപന്മാർ.

നമ്മൾ സാമൂഹ്യ രംഗത്ത് കാണുന്ന കാഴ്‌ചയല്ലേ ഒരു പണിയും ചെയ്യാതെ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ശീതീകരിച്ച മുറിയിലിരുന്ന് ആർഭാട ജീവിതവും ധൂർത്തും, ആജ്ഞകൾ പുറപ്പെടുവിച്ചു് അഴിമതി നടത്തി ഒരു ജനതയെ അന്ധകാരത്തിലേക്ക് നടത്തുന്നത്. അതിൻ്റെ ഏറ്റവും വലിയ തെളിവല്ലേ വടകരയിൽ മൂന്ന് അധ്യാപികമാരെ മാരകമായ എം ഡി എം എ കച്ചവടം നടത്തി കോടികൾ സമ്പാദിച്ചതിന് സമർത്ഥരായ പോലീസുകൾ പിടികൂടിയത്. മറ്റ് അധ്യാപകർക്ക് ഇത് എത്ര അപമാനമാണ് വരുത്തിയത്. ഇങ്ങനെയുള്ള ഭീകരജീവികളെ കേരളത്തിലെ എല്ലാം രംഗത്തും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ഇതുപോലുള്ള നിയമനങ്ങൾ നടക്കുന്നത് കേരള ജനത കാണുന്നില്ലേ? ലഹരി വില്‌പനയിലൂടെ സമ്പത്തുണ്ടാക്കുന്ന രാഷ്ട്രീയ കഞ്ചാവ് മാഫിയ തലവന്മാരിലേക്ക് അന്വേഷണം എന്തുകൊണ്ട് പോകുന്നില്ല?

അധ്യാപക ജോലി മഹനീയവും ഉന്നതവുമായ ഒരു തൊഴിൽ മേഖലയാണ്. അതിനെ നീചമായി വളച്ചൊടിച്ചു് വിദ്യാഭ്യാസ കച്ചവടക്കാരും സർക്കാരുകളും അഴിമതി നടത്തി മത രാഷ്ട്രീയ സംസ്‌കാരമാക്കി തകിടം മറിച്ചിട്ട് അരനൂറ്റാണ്ടായി. തൻമൂലം പൊതുവിദ്യാഭ്യാസത്തിൻ്റെ അന്തസത്ത, ഗുണമേന്മ നഷ്ടപ്പെട്ടു.

ഇപ്പോഴും കുട്ടികൾ കാണാപ്പാഠം പഠിച്ചാണ് പരീക്ഷകൾ എഴുതുന്നത്. ലൈബ്രറികൾ അവർക്ക് കാഴ്ച്ചവസ്‌തുക്കളാണ്. വിവിധ വിഷയങ്ങളിൽ ശില്‌പശാലകളില്ല. ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, കലാ സാഹിത്യ ശാസ്ത്ര രംഗത്തുള്ളവരുടെ സന്ദർശന കേന്ദ്രങ്ങളില്ല. കേരള സർക്കാർ പാഠ്യപദ്ധതിയിൽ ആധുനിക പരി ഷ്കാരങ്ങൾ വരുത്തിയിട്ടില്ല. അവരുടെ പരിഷ്‌കാരത്തിൽ മുന്നിട്ട് നിൽക്കുന്നത് സ്‌കൂൾ, കോളേജുകളിൽ എങ്ങനെ രാഷ്ട്രീയ വിദ്യാർത്ഥി അധ്യാപക സംഘടനകൾ ഉണ്ടാക്കാം, സമരം നടത്താം, അധ്യാപകരെ അപമാനിക്കാം തുടങ്ങിയ കലാപരിപാടികളാണ്. വർഷാവസാനം ഒരു കലോത്സവം, ഉല്ലാസ യാത്രയും നടത്തും. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർന്നു കിട്ടുകയും ചെയ്യും.

പേരിനായി ലൈബ്രറിയുണ്ട്. എത്ര കുട്ടികൾ വായിക്കുന്നു? അതിലെ കൗതുകം മിക്ക പാഠപുസ്‌തകങ്ങളും രാഷ്ട്രീയ എഴുത്തുകാരുടേതാണ്. പാഠ്യപുസ്‌തകങ്ങളിൽ മനുഷ്യരെ തകർക്കുന്ന മദ്യലഹരി വസ്‌തുക്കളെപ്പറ്റി പഠിപ്പിക്കേണ്ടതല്ലേ? വിദ്യാഭ്യാസ രംഗത്തുള്ളവർ, രക്ഷിതാക്കൾ, കുട്ടികൾക്ക് ബോധവൽ ക്കരണ ക്ലാസുകൾ നടത്തുന്നില്ല? തൊഴിൽ കൊടുക്കേണ്ട പി.എസ്. സിയിൽ വരെ അഴിമതി വീരന്മാരായ രാഷ്ട്രീയ പാണന്മാരെ കുത്തിനിറച്ചു ഉദ്യോഗാർഥികളുടെ ഭാവി തകർക്കുന്നു. ഇതുപോലുള്ള വെള്ളാനകളെ പിരിച്ചു വിടേണ്ടതല്ലേ? വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അരാഷ്ട്രീയം മൂലം ബുദ്ധിശക്തിയുള്ള കുട്ടികൾ നാട് വിടുന്നു. സ്വന്തം കുട്ടികൾ നേരിടുന്ന പഠന ഗുണനിലവാരം രക്ഷിതാക്കൾപോലും ഗൗരവമായി കാണുന്നില്ല. കലാ സാഹിത്യമെന്നല്ല ഏത് വകുപ്പെടുത്താലും അവിടെയെല്ലാം അയോഗ്യരെ യോഗ്യരാക്കുന്നു. മുൻപ് പഠിച്ചു പോയവരൊക്ക ഇന്നത്തെ രാഷ്ട്രീയ വിദ്യാഭ്യാസ ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട ഭാഗ്യശാലികളാണ്. കേരളം നേരിടുന്ന ഈ അഴിമതി ചൂഷണ വിദ്യാഭ്യാസ സാംസ്‌കാരിക ദുരന്തം അവസാനിപ്പിക്കേണ്ടത് ഭരിക്കുന്ന സർക്കാരിൻ്റെ കടമയും കർത്തവ്യവുമാണ്. കേരളത്തെ ഒരു ലഹരിമുക്ത ദേശമായി കാണാൻ പറ്റുമോ അതോ ഇതെല്ലാം കയ്യടി വാങ്ങാനുള്ള പ്രകസനമോ?

കാരൂർ സോമൻ, (ചാരുംമൂടൻ)

‘ഓപ്പറേഷൻ തൂഫാൻ’: പേരാമ്പ്രയിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

 

Send your news and Advertisements

You may also like

error: Content is protected !!