കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ആണ് ഉണ്ടാകുന്നത്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സതീശൻ നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശക്തമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മൻ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. അപകടമുണ്ടായി ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ മുങ്ങി അഞ്ച് പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുന്നു. വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നി എന്നയാളും കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്.
പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയിൽ കനത്ത വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി.
അതിതീവ്ര മഴയിൽ ഡാമുകളിൽ അതിവേഗം ജലനിരപ്പുയരുന്നതും ഭീഷണിയാണ്. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, തിരുവനന്തപുരം നെയ്യാർ, പാലക്കാട് മംഗലം എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. പമ്പ, മണിമല നദികളിൽ അപായകരമായ വിധത്തിൽ ജലനിരപ്പ് ഉയരുകയാണ്. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിൽ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

