ഇടുക്കി/കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ പരക്കെ നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരണപ്പെട്ടു. കനത്ത മഴയെ തുടർന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ,കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. ഇടുക്കിയില്‍ കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി. ഒരുവീട് പൂര്‍ണമായും മണ്ണിനടിയില്‍. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ മരണപ്പെട്ടു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരണപ്പെട്ടത്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കുടുങ്ങിയ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ച രണ്ടാമത്തെയാൾ. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി വീട് ഇടിഞ്ഞുവീണ സംഭവത്തിലാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. മൂന്നിലവിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കെഎസ്ആർടിസി പാലാ ഡിപ്പോ ഡ്രൈവർ രാജേഷിന്റെ വീട് പൂർണമായി ഒലിച്ചുപോയി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീഷണിയെ തുടർന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൂട്ടിക്കൽ കൊടുങ്ങയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ, ഈരാറ്റുപേട്ട ടൗണുകളിലും മുണ്ടക്കയം കോസ്വേയിലും വെള്ളം കയറിയ നിലയിലാണ്.
കോട്ടയം ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്‌ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ കൺട്രോൾ റൂം, കളക്‌ടറേറ്റ് -94465 62236
താലൂക്ക് കൺട്രോൾ റൂമുകൾ കോട്ടയം- 85479 85727; ചങ്ങനാശേരി- 9496014587; മീനച്ചിൽ -9496686325; കാഞ്ഞിരപ്പള്ളി-9495265800; വൈക്കം -9496174871.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും, ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963, 9497908045 എന്നീ മൊബൈൽ നമ്പറുകളിലും, 0468 – 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ് എന്നും, ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പമ്പാ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി. റാന്നി ടൗണിലെ മാമുക്ക്, പുളിമുക്ക് പാലങ്ങൾ മുങ്ങി. റാന്നി -തിരുവല്ല, റാന്നി – ചെറുകോൽപുഴ – കോഴഞ്ചേരി, റാന്നി- കീക്കൊഴൂർ- കോഴഞ്ചേരി റൂട്ടുകളിൽ ഗതാഗതം മുടങ്ങി. ശബരിമല പമ്പയിലും വെള്ളപ്പൊക്കമാണ്.
ശക്തമായ മഴയിൽ പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.

