Sunday, August 2, 2026
Home » ബൾഗേറിയക്കും സൈപ്രസിനും മുന്നറിയിപ്പുമായി ഇറാൻ; ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയും ഉപരോധം ഏർപെടുത്താൻ ആലോചന.
ബൾഗേറിയക്കും സൈപ്രസിനും മുന്നറിയിപ്പുമായി ഇറാൻ; ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയും ഉപരോധം ഏർപെടുത്താൻ ആലോചന.

ബൾഗേറിയക്കും സൈപ്രസിനും മുന്നറിയിപ്പുമായി ഇറാൻ; ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയും ഉപരോധം ഏർപെടുത്താൻ ആലോചന.

by Editor

ടെഹ്‌റാൻ: അമേരിക്കൻ സൈന്യത്തിന് തങ്ങളുടെ മണ്ണിൽ സൈനിക താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യൂറോപ്യൻ രാജ്യങ്ങളായ ബൾഗേറിയക്കും സൈപ്രസിനും ഇറാന്റെ മുന്നറിയിപ്പ്. തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങളെ ആക്രമണത്തിന്റെ പങ്കാളികളായി കണക്കാക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഈ താക്കീത് നൽകിയത്.

ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ (Bezmer Air Base) താൽക്കാലികമായി യു.എസ് സൈന്യത്തിന്റെ KC-135 ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും സൈനികരെയും വിന്യസിക്കാൻ ബൾഗേറിയൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സൈപ്രസിലുള്ള ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു.

അതേസമയം, തങ്ങളുടെ രാജ്യത്തെ വിദേശ താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കില്ലെന്ന് ബ്രിട്ടൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് സൈപ്രസ് അറിയിച്ചു. തങ്ങളുടെ മണ്ണിൽ ആക്രമണാത്മക ആയുധങ്ങൾ വിന്യസിക്കുന്നില്ലെന്നും ഈ നീക്കം തങ്ങളെ യുദ്ധത്തിന്റെ ഭാഗമാക്കില്ലെന്നും ബൾഗേറിയയും വ്യക്തമാക്കി.

യു.എസും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. ഇറാനെതിരെ വളരെ ശക്തമായ തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ ഇന്ധന-ഊർജ്ജ സംഭരണശാലകൾ ലക്ഷ്യമിട്ടായിരിക്കും പുതിയ യു.എസ് ആക്രമണങ്ങൾ. എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രപ്രധാനമായ സൈനിക-ഊർജ്ജ കേന്ദ്രങ്ങളെ തകർക്കാനുള്ള സമഗ്രമായ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കിയതായി ഇറാനും വ്യക്തമാക്കി.

ഇറാന്റെ റവല്യൂഷണറി ഗാർഡ് (IRGC) കുവൈറ്റിലെ അഹമ്മദ് അൽ-ജാബർ എയർ ബേസിന് നേരെ വലിയ തോതിൽ ഡ്രോൺ ആക്രമണം നടത്തി. യു.എസ് യുദ്ധവിമാനങ്ങളുടെ താവളങ്ങളും സാറ്റലൈറ്റ് വിനിമയ സംവിധാനങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യം. ഭൂരിഭാഗം ഡ്രോണുകളും തകർത്തതായി കുവൈറ്റ് അവകാശപ്പെട്ടു. യു.എസ് വ്യോമസംരക്ഷണയിൽ നീങ്ങുകയായിരുന്ന രണ്ട് എണ്ണക്കപ്പലുകളെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ നേവി ആക്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി അമേരിക്കയും ഇസ്രയേലും കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഈ പദ്ധതി വിജയിക്കണമെങ്കിൽ ഇറാന്‍റെ അയൽരാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക, സൈനികേതര മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ഈ കര ഉപരോധം വിജയിക്കണമെങ്കിൽ ഇറാഖ്, തുർക്കി, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ തുടങ്ങിയ സമീപ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്. എന്നാൽ ഈ രാജ്യങ്ങൾ ഉപരോധത്തിൽ പങ്കെടുത്താൽ ഇറാനിൽ നിന്നും തിരിച്ചടി നേരിടേണ്ടിവരും.

കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം; ഒരു മരണം

Send your news and Advertisements

You may also like

error: Content is protected !!