കുവൈറ്റ് സിറ്റി: ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി. ഇതിനു മറുപടിയായി കുവൈത്തിന്റെ വടക്കൻ മേഖലയിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു.
ഈജിപ്തിലെ മെഡിറ്ററേനിയൻ തീരത്തുള്ള പ്രധാന തുറമുഖമായ ദാമിയേറ്റയിൽ ഡ്രോൺ ആക്രമണം ഉണ്ടായി. തുറമുഖത്ത് നിർത്തിയിട്ടിരുന്ന അമേരിക്കൻ ഉടമസ്ഥതയിലുള്ള ‘എനർഗോസ് വിന്റർ’ എന്ന എണ്ണ/ഗ്യാസ് സംഭരണ കപ്പലിന് (LNG Tanker) നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഡ്രോൺ വന്നിടിച്ചതിനെ തുടർന്ന് ഈ കപ്പലിന് തീപിടിക്കുകയും, തൊട്ടടുത്തായി കിടന്നിരുന്ന ‘ഗ്യാസ്‌ലോഗ് സേലം’ (GasLog Salem) എന്ന ഗ്രീക്ക് കപ്പലിലേക്ക് തീ പടരുകയും ചെയ്തു. രണ്ട് കപ്പലുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടിയന്തര സുരക്ഷാ സേന ഉടൻ തന്നെ ഇടപെട്ട് കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈജിപ്ഷ്യൻ കാബിനറ്റും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ഈജിപ്തിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്.
ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ജോർദാന് നേരെ ഇന്ന് പുലർച്ചെയും ഇറാന്റെ ഭാഗത്തുനിന്ന് മിസൈലാക്രമണം ഉണ്ടായി. എന്നാൽ ഇറാൻ തൊടുത്ത 5 ബാലിസ്റ്റിക് മിസൈലുകളും ജോർദാൻ വ്യോമസേന അന്തരീക്ഷത്തിൽ വെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു. വടക്കുകിഴക്കൻ ജോർദാനിൽ അമേരിക്കൻ സൈനികർ തമ്പടിച്ചിരിക്കുന്ന പ്രധാന താവളമായ മുവഫഖ് സാൽതി എയർ ബേസ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ പുതിയ ആക്രമണം. കഴിഞ്ഞ ദിവസം ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, അമേരിക്ക ഇന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഇറാൻ വീണ്ടും ജോർദാനിലേക്ക് മിസൈലുകൾ അയച്ചത്. ഖിഷം ദ്വീപിലുണ്ടായ യുഎസ് ആക്രമണത്തിൽ ഒരു വീട് തകരുകയും രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

