Sunday, August 2, 2026
Home » കേരളത്തിൽ മിന്നൽപ്രളയത്തിൽ മരണം 9 ആയി; കരകവിഞ്ഞ് നദികൾ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
കേരളത്തിൽ മിന്നൽപ്രളയത്തിൽ മരണം 9 ആയി; കരകവിഞ്ഞ് നദികൾ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ മിന്നൽപ്രളയത്തിൽ മരണം 9 ആയി; കരകവിഞ്ഞ് നദികൾ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. ​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴ ശക്തമാക്കാനുള്ള ഒരു കാരണം. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിലും മിന്നൽപ്രളയത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 4 കുട്ടികൾ ഉൾപ്പെടെ 9 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും വിവിധയിടങ്ങളിലെ ഒഴുക്കിൽപ്പെട്ടും വെള്ളത്തിൽ വീണുമാണ് ജീവനപഹരിക്കപ്പെട്ടത്. 7 പേരെ കാണാതായി. 14 ജില്ലകളിലും മഴ നാശംവിതച്ചു. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. പമ്പ, മണിമല, മീനച്ചിൽ, അച്ചൻകോവിൽ, പെരിയാർ, മൂവാറ്റുപുഴ തുടങ്ങിയ പ്രധാന നദികളെല്ലാം പലയിടത്തും ജനവാസ മേഖലകളിലേക്ക് കരകവിഞ്ഞൊഴുകുകയാണ്.

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായതിനാൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്, അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയാണ്. സംസ്‌ഥാനത്ത് ഒറ്റരാത്രി പെയ്‌ത മഴയെത്തുടർന്ന് കെഎസ്ഇബിയുടെ 5 ഡാമുകളിലും ജലവിഭവ വകുപ്പിന്റെ 2 ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ മൂഴിയാർ, കല്ലാർകുട്ടി, കല്ലാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലും ജലവിഭവ വകുപ്പിന്റെ നെയ്യാർ, മംഗലം ഡാമുകളിലുമാണ് മൂന്നാംഘട്ട ജാഗ്രതാനിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്താൻ നിർദേശം. ഇടുക്കി ജില്ലയിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനു പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ഇന്നലെ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. പമ്പ നദിയിൽ ജലനിരപ്പ് താഴ്ന്നു വരികയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല-അമ്പലപ്പുഴ സംസ്‌ഥാന പാതയിൽ ഗതാഗതം നിലച്ചു. നെടുമ്പം പടാരത്തിൽ പടി മുതൽ എൻസി ജംക്‌ഷൻ വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പമ്പ, മണിമല നദികൾ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയത്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. ആറന്മുള നിയോജകത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ ദുരന്തമാണ് ഉണ്ടായത്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയിൽ മഴ കുറഞ്ഞു. എന്നാൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്‌ഥാന പാതയിൽ കിടങ്ങൂർ, പാല കൊട്ടാരമറ്റം, മൂന്നാനി എന്നിവിടങ്ങളിൽ വെള്ളം ഇതുവരെയും പൂർണമായിട്ടും ഇറങ്ങിയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം പൂർണതോതിൽ പുനഃസ്‌ഥാപിച്ചിട്ടില്ല. എന്നാൽ ഇന്നലെ വെള്ളം കയറിയ പനയ്ക്കപ്പാലം, ഈരാറ്റുപേട്ട, പാലാ തൊടുപുഴ റൂട്ടിലെ കൊല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങി. ഏറ്റുമാനൂർ, പാറോലിക്കൽ, കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ, ഇല്ലിക്കൽ, കുമരകം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ പലയിടത്തേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ പേരൂർ പായിക്കാട് ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു. 12 വീടുകളിൽ വെള്ളം കയറി, 60 വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പാടശേഖരങ്ങളും ഇടറോഡുകളും വെള്ളക്കെട്ടിൽ‌. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി വർധിച്ചതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. കാലവർഷക്കെടുതികളും കടലാക്രമണവും തീരദേശ ജനതയുടെ ജീവിതം പൂർണമായും ദുരിതത്തിലാക്കി. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജീവിതം അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്. കാസർകോട് നീലേശ്വരത്ത് തേജസ്വിനി പുഴ കരകവിഞ്ഞ് നൂറോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ക്യാംപുകളിലേക്ക് മാറ്റി. പൊന്നാനിയില്‍ കടലാക്രമണം. അഞ്ച് വീടുകള്‍ കടലെടുത്തു. ഹിളര്‍പ്പള്ളി, വെളിയംകോട്, പാലപ്പെട്ടി, എന്നിവിടങ്ങളിലെ വീടുകളാണ് കടലെടുത്തത്.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും നഗരപ്രദേശത്തിന് അടുത്തുള്ള മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലാണ് വ്യാപകമായ വെള്ളപ്പൊക്കം. ശനിയാഴ്ച രാത്രിമുതൽതന്നെ നിരവധി വീടുകളിൽ വെള്ളം കയറി. ഏകദേശം പതിനഞ്ചോളം വീട്ടുകാരാണ് മാവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കക്കെടുതി കാരണം വീടുകൾ ഒഴിയേണ്ടിവന്നത്. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലൊക്കെ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ ഇനിയും നിരവധി വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്.

ശക്തമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു; ദുരിതാശ്വാസത്തിന് മന്ത്രിമാർക്കു ചുമതല.

Send your news and Advertisements

You may also like

error: Content is protected !!