Sunday, August 2, 2026
Home » റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ മോസ്കോയിൽ ചാവേർ സ്ഫോടനം

റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ മോസ്കോയിൽ ചാവേർ സ്ഫോടനം

by Editor

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലുള്ള റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ 3 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം 2026 ഓഗസ്റ്റ് 1 ശനിയാഴ്ച രാത്രി 8.10 ഓടെയാണ് സംഭവം നടന്നത്.

അജ്ഞാതയായ ഒരു സ്ത്രീ സ്ഫോടകവസ്തുക്കളുമായി റെസ്റ്റോറന്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ജീവനക്കാർ ഇവരെ തടയുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടകവസ്തു കൊണ്ടുവന്ന സ്ത്രീ, ഒരു സുരക്ഷാ ജീവനക്കാരൻ, റെസ്റ്റോറന്റിലേക്ക് വന്ന മറ്റൊരു വ്യക്തി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് മോസ്കോയിൽ മറ്റൊരു കാർ ബോംബ് സ്ഫോടനം നടന്നിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടയിൽ ആണ് ഈ ചാവേർ സ്ഫോടനമുണ്ടായിരിക്കുന്നത്.

റഷ്യയും യുക്രൈയ്‌നും പരസ്പരം വ്യോമാക്രമണങ്ങൾ ശക്തമാക്കിയതോടെ അതിർത്തികൾ കടന്ന് യുദ്ധം ജനവാസ മേഖലകളിലേക്കും സാമ്പത്തിക കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ടാം തവണയും റഷ്യ കീവിനെ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണം നടത്തി. റഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി മാത്രം റഷ്യ 133 ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രൈനെ ആക്രമിച്ചത്. ഇതിൽ 109 എണ്ണവും യുക്രൈൻ പ്രതിരോധ സേന വെടിവെച്ചിട്ടതായാണ് റിപ്പോർട്ടുകൾ.

റഷ്യയുടെ ഉള്ളിലേക്ക് കടന്നു യുക്രൈനും ആക്രമണം രൂക്ഷമാക്കുകയാണ്. അതിർത്തിയിൽ നിന്ന് ഏകദേശം 1,600 കിലോമീറ്റർ ഉള്ളിലുള്ള റഷ്യൻ റിപ്പബ്ലിക്കായ ബാഷ്കോർട്ടോസ്താനിലെ (Bashkortostan) മൂന്ന് പ്രധാന എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ സരതോവിലെ (Saratov) എണ്ണശുദ്ധീകരണ ശാലയ്ക്കും ഏംഗൽസിലെ (Engels) റഷ്യൻ വ്യോമസേനാ താവളത്തിനും നേരെയും ആക്രമണമുണ്ടായി. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ‘വൈൽഡ്ബെറീസിന്റെ’ (Wildberries) വെയർഹൗസിന് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശതകോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. യുക്രൈൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് റഷ്യൻ അധിനിവേശ ക്രിമിയയിലും ഡൊനെറ്റ്സ്കിലും വ്യാപകമായ വൈദ്യുതി-ഇന്ധന തടസ്സങ്ങൾ നേരിടുന്നുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇരുഭാഗത്തുമായി ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യമായ മരണസംഖ്യ ഇരു രാജ്യങ്ങളും ഔദ്യോഗികമായി പുറത്തുവിടാറില്ലെങ്കിലും, അന്താരാഷ്ട്ര സംഘടനകളും യു.എസ്/ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളും പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ ഭീതിജനകമാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ GCHQ-ന്റെയും പാശ്ചാത്യ നിരീക്ഷകരുടെയും കണക്കനുസരിച്ച് 5,00,000-ത്തോളം (5 ലക്ഷം) റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രൈന്റെ അതിർത്തിാക്രമണങ്ങളിൽ ആയിരത്തോളം റഷ്യൻ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ (UN) കണക്കുകൾ പ്രകാരം 16,400-ലധികം സാധാരണക്കാർ യുക്രൈനിൽ റഷ്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്ന് യു.എൻ തന്നെ വ്യക്തമാക്കുന്നു. യുക്രൈൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000-ത്തോളം സൈനികരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർ 4 ലക്ഷത്തോളമാണ്. എന്നാൽ യു.എസ് ഇന്റലിജൻസും പാശ്ചാത്യ പ്രതിരോധ വിദഗ്ദ്ധരും വ്യക്തമാക്കുന്നത് യുക്രൈന്റെ യഥാർത്ഥ സൈനിക മരണങ്ങൾ 1,25,000-ത്തിന് മുകളിലായിരിക്കാം എന്നാണ്.

ഇറാൻ കപ്പലിനു നേരെ യുക്രെയ്ൻ ആക്രമണം; തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!