Saturday, July 4, 2026
Home » വിഴിഞ്ഞം തുറമുഖ വിവാദം: ഓഹരി കൈമാറ്റത്തിൽ എം.എസ്.സിക്ക് കുത്തകയുണ്ടാകില്ലെന്ന് അദാനി പോർട്‌സ്
വിഴിഞ്ഞം തുറമുഖ വിവാദം: ഓഹരി കൈമാറ്റത്തിൽ എം.എസ്.സിക്ക് കുത്തകയുണ്ടാകില്ലെന്ന് അദാനി പോർട്‌സ്

വിഴിഞ്ഞം തുറമുഖ വിവാദം: ഓഹരി കൈമാറ്റത്തിൽ എം.എസ്.സിക്ക് കുത്തകയുണ്ടാകില്ലെന്ന് അദാനി പോർട്‌സ്

by Editor

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി പങ്കാളിത്തത്തിൽ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (MSC) കുത്തകാവകാശം ഉണ്ടാകില്ലെന്ന് അദാനി പോർട്സ്. 13,000 കോടി രൂപയുടെ (1.4 ബില്യൺ ഡോളർ) ഈ ഓഹരി കൈമാറ്റം രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.

സർക്കാരുമായി ഒപ്പിട്ടിട്ടുള്ള വിഴിഞ്ഞം തുറമുഖ കരാറിലെ ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എം.എസ്.സിയുമായി നിലവിൽ പ്രാഥമികമായ ചില ധാരണകളിൽ മാത്രമാണ് എത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭ്യമായതിനു ശേഷം മാത്രമേ ഓഹരി കൈമാറ്റത്തിൽ അന്തിമ കരാറും തുടർനടപടികളും ഉണ്ടാകൂ എന്ന് കമ്പനി അറിയിച്ചു. നിലവിൽ സെബിക്ക് നൽകിയിട്ടുള്ള കത്ത് പ്രാഥമിക ധാരണകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നീങ്ങുന്നു എന്ന വിമർശനം ഉയർന്നതോടെ, ഓഹരി കൈമാറ്റത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ കമ്പനി പുതുക്കി സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ അന്തിമ കരാറിൽ ഒപ്പുവെക്കില്ലെന്ന് പുതുക്കിയ അപേക്ഷയിൽ അദാനി ഗ്രൂപ്പ് കൃത്യമായി ഉറപ്പ് നൽകുന്നുണ്ട്. സർക്കാരിൻ്റെ എല്ലാ വ്യവസ്ഥകളും പൂർണമായി പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും അപേക്ഷയിൽ പറയുന്നു.

എം.എസ്.സിയുമായുള്ള പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് വലിയൊരു കുതിച്ചുചാട്ടമാകുമെന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ലൈനർമാരിൽ ഒന്നായ എം.എസ്.സി എത്തുന്നതോടെ വിഴിഞ്ഞത്തേക്ക് കൂടുതൽ അന്താരാഷ്ട്ര ചരക്കുകപ്പലുകൾ ആകർഷിക്കാൻ സാധിക്കും. എങ്കിലും ഈ ഓഹരി പങ്കാളിത്തം തുറമുഖത്തിൻ്റെ നിയന്ത്രണം ഒരു കമ്പനിയുടെ മാത്രം കൈകളിലേക്ക് എത്തിക്കില്ലെന്ന് അദാനി പോർട്‌സ് സിഇഒ ആവർത്തിച്ചു വ്യക്തമാക്കി. സർക്കാരിനെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തുറമുഖത്തിൻ്റെ ഭാവി വികസന നയങ്ങൾ നടപ്പിലാക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെ അറിയിക്കാതെയും മുൻകൂർ അനുമതി വാങ്ങാതെയുമുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. കൺസഷൻ കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഓഹരി കൈമാറ്റത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സി വിഴിഞ്ഞത്ത് ഓഹരി പങ്കാളിത്തം നേടുന്നത് കുത്തകവൽക്കരണത്തിന് വഴിതെളിക്കുമെന്നും, ഇത് സംസ്ഥാനത്തിന്റെ വാണിജ്യ താൽപര്യങ്ങളെയും രാജ്യസുരക്ഷയെയും ബാധിച്ചേക്കാമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു.

18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ ചരക്കു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!