ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച മുൻനിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണ് കരാർ മരവിപ്പിച്ചതെന്നും, ഭീകരപ്രവർത്തനങ്ങളോടുള്ള പാക്കിസ്ഥാന്റെ സമീപനമാണ് ഇന്ത്യയുടെ നിലപാടിനെ നേരിട്ട് സ്വാധീനിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാക്കിസ്ഥാൻ വിശ്വസനീയമായ രീതിയിൽ ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. 1960-ൽ ഒമ്പത് വർഷത്തെ നീണ്ട ചർച്ചകൾക്ക് ശേഷം ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പിട്ടത്. കരാർ പുനരാരംഭിക്കാൻ പാക്കിസ്ഥാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും, അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള പാക്കിസ്ഥാന്റെ സമീപനം മാറാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
സിന്ധു കരാർ മരവിപ്പിച്ചതിനെതിരെ പാക്കിസ്ഥാൻ നേതാക്കളുടെ ഭാഗത്തുനിന്നും കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്, പാക്കിസ്ഥാന്റെ ജലവിഹിതം തടയാൻ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടിക്കളയും’ എന്ന വിവാദ പരാമർശവും നടത്തിയിരുന്നു. ജലത്തെ ഒരു തർക്കവിഷയമാക്കി ഇന്ത്യ മാറ്റുകയാണെന്നും, ആണവായുധങ്ങൾ കൈവശമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ വഷളാകുമെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

