ഇസ്‌ലാമാബാദ്: സിന്ധുനദീജല കരാർ (Indus Waters Treaty) ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ കടുത്ത സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിയും രാഷ്ട്രീയ പരിഭ്രാന്തിയും രൂപപ്പെട്ടിരിക്കുകയാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇനി വെള്ളം നൽകില്ലെന്ന ഇന്ത്യയുടെ കർശന നിലപാടിൽ പ്രതിഷേധിച്ച് കടുത്ത ഭീഷണികളുമായി പാക് മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്.
സിന്ധു നദീജല കരാറിലെ പാക്കിസ്ഥാന്റെ ജലവിഹിതം തടയാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റുമെന്ന്” പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് (Musadik Malik) പരസ്യമായി ഭീഷണി മുഴക്കി. അയൽരാജ്യത്തെ പ്രധാനമന്ത്രി ജലത്തിന്റെ ടാപ്പ് നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ നദീജലത്തെ ഒരു രാഷ്ട്രീയ ആയുധമായി മാറ്റുകയാണെന്നും, ഇതിനെതിരെ അന്താരാഷ്ട്ര വേദികളിൽ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും മുസാദിക് മാലിക് വ്യക്തമാക്കി.
പാക്കിസ്ഥാൻ ജലവിഹിതം തടയുന്നത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണെന്നും, ജലവിതരണം തടസ്സപ്പെടുത്തിയാൽ “യുദ്ധമല്ലാതെ മറ്റ് വഴികളില്ല” എന്നും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. ഇസ്‌ലാമാബാദിൽ വച്ച് പാക് വാർത്താവിനിമയ മന്ത്രാലയവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജിയണൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച “സിന്ധുനദീജല കരാർ 2026” അന്താരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇന്ത്യക്കെതിരെ യുദ്ധമുന്നറിയിപ്പ് നൽകിയത്. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാർ ഇത് “യുദ്ധത്തിന്റെ വിത്ത് പാകൽ” ആണെന്ന് വിശേഷിപ്പിച്ചു.
1960-ലെ ഈ കരാർ അന്താരാഷ്ട്ര നിയമപ്രകാരം ഇരുരാജ്യങ്ങൾക്കും ബാധ്യതയുള്ളതാണെന്നും ഇന്ത്യയ്ക്ക് ഇത് ഏകപക്ഷീയമായി റദ്ദാക്കാനോ നിർത്തിവയ്ക്കാനോ കഴിയില്ലെന്നും പാക് വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാർ അവകാശപ്പെട്ടു. ഇന്ത്യ ജലം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച തരാർ, പാക്കിസ്ഥാന്റെ ജലവിഹിതം തടയാൻ ശ്രമിച്ചാൽ രാജ്യം അതിന് ശക്തമായ മറുപടി നൽകാൻ പൂർണ്ണ സജ്ജമാണെന്നും മുന്നറിയിപ്പ് നൽകി.
സിന്ധുനദീജല കരാറിലെ ഇന്ത്യയുടെ കടുത്ത നിലപാട് പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതാണ്. പാക്കിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 50 ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചാണ്. സിന്ധു നദീതടത്തിലെ വെള്ളം കുറയുന്നത് സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ കോടിക്കണക്കിന് ഏക്കർ കൃഷിയിടങ്ങളെ ബാധിക്കുകയും കാർഷിക മേഖലയിൽ 18% വരെ ഇടിവ് വരുത്തുകയും ചെയ്യും.
പാക്കിസ്ഥാന്റെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 30%-ത്തിലധികം ജലവൈദ്യുത പദ്ധതികളിൽ നിന്നാണ്. ഇന്ത്യ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിലെ ഭൂരിഭാഗം പവർ പ്ലാന്റുകളുടെയും പ്രവർത്തനത്തെ ബാധിക്കും.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്‌ഥാനിലെയും പാക്ക് അധിനിവേശ കശ്‌മീരിലെയും (പിഒകെ) ഭീകരതാവളങ്ങൾക്ക് നേരെ ഇന്ത്യ വിജയകരമായി നടത്തിയ പ്രത്യാക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ഇതിന്റെ ഭാഗമായാണ് ഇന്ത്യ സിന്ധുനദീജല കരാറിൽ നിന്ന് പിന്മാറാനും തീരുമാനിച്ചത്. “വെള്ളവും രക്‌തവും ഒരുമിച്ച് ഒഴുകില്ലെന്ന്‘ വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് തീരുമാനം പ്രഖ്യാപിച്ചത്. സൈനിക ആക്രമണത്തേക്കാൾ കടുത്ത ഷോക്കായി പാക്കിസ്ഥാന് ഇന്ത്യയുടെ ഈ തീരുമാനം മാറുകയായിരുന്നു.
പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരവാദം പൂർണ്ണമായി അവസാനിപ്പിക്കാതെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാക് മന്ത്രിമാരുടെ ഭീഷണികൾ തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള പാഴ്ശ്രമങ്ങൾ മാത്രമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്.
സിന്ധു നദീജല കരാർ: ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

