കാൻബറ: ഓസ്‌ട്രേലിയയിൽ വിഎഫ്എസ് ഗ്ലോബൽ (VFS Global) കമ്പനി കൈകാര്യം ചെയ്യുന്ന എല്ലാത്തരം ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങളും ഇന്ന് (ജൂലൈ 1 ബുധനാഴ്ച) മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചു. കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറപ്പെടുവിച്ച പൊതു അറിയിപ്പിനും നിർദ്ദേശങ്ങൾക്കും അനുസൃതമായി, 2026 ജൂലൈ 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓസ്‌ട്രേലിയയിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ല എന്ന് vfs.global അറിയിച്ചു.
ഈ കാലയളവിൽ അപേക്ഷകരെ പിന്തുണയ്ക്കുന്നതിനായി, VFS ഗ്ലോബൽ അതിന്റെ ഉപഭോക്തൃ പിന്തുണാ ക്രമീകരണങ്ങൾക്കായി ഒരു ടെലിഫോൺ നമ്പറും ഇമെയിൽ ഐഡിയും ലഭ്യമാക്കിയിട്ടുണ്ട്. ടെലിഫോൺ കോൾ സെന്റർ 03 9956 3830 എന്ന നമ്പറിൽ 09:00 മുതൽ 15:30 AEST വരെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതാണ്. കൂടാതെ, info.ind_aus@vfshelpline.com എന്ന ഇമെയിൽ വിലാവും ആളുകൾക്ക് ഉപയോഗിക്കാവുന്നതാണ്. (More Details >> https://services.vfsglobal.com/aus/en/ind)
ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവുമായി കമ്പനിക്കുള്ള കരാർ പുതുക്കുന്നതിലെ അനിശ്ചിതത്വത്തെ തുടർന്നാണ് ഈ പെട്ടെന്നുള്ള നടപടി. ഓസ്‌ട്രേലിയയിലെ വിഎഫ്എസ് ഗ്ലോബലിന്റെ പ്രവർത്തന കരാർ പുതുക്കുന്നതിനെയോ അതിന്റെ നടത്തിപ്പിനെയോ ബാധിക്കുന്ന തരത്തിൽ ഇന്ത്യയിലുണ്ടായ ഒരു കോടതി ഉത്തരവാണ് ഈ സേവന തടസ്സത്തിന് കാരണമായതെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തിന്റെ ജൂണിലെ പുതുക്കിയ പട്ടിക പ്രകാരം ഓസ്‌ട്രേലിയയിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങളുടെ വിഎഫ്എസ് കരാർ കാലാവധി 2026 ജൂൺ 30-ഓടെ അവസാനിച്ചിരുന്നു.
ഈ പുതിയ വികാസം ഓസ്‌ട്രേലിയയിലുടനീളമുള്ള വിഎഫ്എസ് ഗ്ലോബലിന്റെ ഇന്ത്യ പാസ്‌പോർട്ട്-വിസ സർവീസ് സെന്ററുകളെ ആശ്രയിക്കുന്ന അപേക്ഷകരെയും, വരും ദിവസങ്ങളിൽ അപ്പോയിന്റ്‌മെന്റ് ഉള്ളവരെയും, നിലവിൽ അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കുന്നവരെയും നേരിട്ട് ബാധിക്കും. എന്നാൽ പ്രോസസ്സിംഗ് പൂർത്തിയായ പാസ്സ്പോർട്ടുകൾ നിലവിലുള്ള പാസ്‌പോർട്ട് റിട്ടേൺ പ്രക്രിയയ്ക്ക് അനുസൃതമായി, VFS ഗ്ലോബൽ അപേക്ഷകർക്ക് തിരികെ നൽകുന്നത് തുടരും.
അടിയന്തിര സാഹചര്യങ്ങളിൽ അപേക്ഷകർക്ക് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയോ (കാൻബറ) അല്ലെങ്കിൽ മെൽബൺ, സിഡ്നി, പെർത്ത്, ബ്രിസ്ബേൻ എന്നിവിടങ്ങളിലെ ഇന്ത്യൻ കൺസുലേറ്റ് ജനറലുകളെയോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ടൂറിസം, ബിസിനസ്സ്, മെഡിക്കൽ ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് ഈ പ്രതിസന്ധി ബാധിക്കില്ല. അവർക്ക് വിഎഫ്എസ് കേന്ദ്രങ്ങളിൽ പോകാതെ തന്നെ ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക Indian e-Visa Portal (https://indianvisaonline.gov.in/evisa/tvoa.html) വഴി ഓൺലൈനായി നേരിട്ട് ഇ-വിസയ്ക്ക് അപേക്ഷിക്കാം.
ഈ തടസ്സം താൽക്കാലികമാണ് എന്നാണ് വി എഫ് എസ് അറിയിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് സർവീസുകൾ എന്ന് പുനരാരംഭിക്കും എന്നറിയാൻ VFS Global Australia വെബ്‌സൈറ്റിലെ ‘Service Update’ വിഭാഗം നിരന്തരം പരിശോധിക്കുക

