Sunday, November 29, 2026
Home » വിക്ടോറിയ തിരഞ്ഞെടുപ്പ്: 12 വർഷത്തെ ലേബർ ഭരണത്തിന് അന്ത്യം; ജെസ് വിൽസൺ നയിക്കുന്ന ലിബറൽ-നാഷണൽ സഖ്യം അധികാരത്തിലേക്ക്
Victoria Election: End of 12 Years of Labor Rule; Liberal-National Coalition Led by Jess Wilson Comes to Power

വിക്ടോറിയ തിരഞ്ഞെടുപ്പ്: 12 വർഷത്തെ ലേബർ ഭരണത്തിന് അന്ത്യം; ജെസ് വിൽസൺ നയിക്കുന്ന ലിബറൽ-നാഷണൽ സഖ്യം അധികാരത്തിലേക്ക്

by Editor

മെൽബൺ: ഇന്നലെ (നവംബർ 28-ന്) നടന്ന വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലിബറൽ-നാഷണൽ സഖ്യം (Coalition) ചരിത്രവിജയം നേടിയതോടെ സംസ്ഥാനത്തെ 12 വർഷത്തെ ലേബർ പാർട്ടി ഭരണത്തിന് അന്ത്യമായി. ജെസ് വിൽസൺ (Jess Wilson) നയിക്കുന്ന ലിബറൽ-നാഷണൽ സഖ്യം (Coalition) വൻ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം, വിക്ടോറിയ അധോസഭയിൽ ലിബറൽ-നാഷണൽ സഖ്യം 50 സീറ്റുകളോടെ കേവലഭൂരിപക്ഷം ഉറപ്പാക്കി. ആകെയുള്ള 88 സീറ്റുകളിൽ 45 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

36-കാരിയായ ലിബറൽ നേതാവ് ജെസ് വിൽസൺ (Jess Wilson) വിക്ടോറിയയുടെ 51-ാമത് പ്രീമിയറായി ചുമതലയേൽക്കും. തിരഞ്ഞെടുപ്പിലൂടെ വിക്ടോറിയയുടെ പ്രീമിയറാകുന്ന ആദ്യ വനിതയും, ഫെഡറേഷന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നേതാവുമാണ് ജെസ് വിൽസൺ.

50 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ച ലിബറൽ-നാഷണൽ സഖ്യം ഇതുവരെ 35.5% വോട്ട് വിഹിതം നേടിയിട്ടുണ്ട്. 6 സീറ്റുകളിൽ വിജയിച്ച് ഗ്രീൻസ് (The Greens) പാർട്ടി 15% പ്രാഥമിക വോട്ട് വിഹിതവുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതേസമയം ലേബർ പാർട്ടി (ALP) നിലവിൽ 3 സീറ്റുകളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ലേബറിന്റെ പ്രാഥമിക വോട്ട് വിഹിതം 17.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വൺ നേഷൻ (One Nation) പാർട്ടി സംസ്ഥാനത്തൊട്ടാകെ 21 ശതമാനത്തോളം പ്രാഥമിക വോട്ടുകൾ നേടിയെങ്കിലും അധോസഭയിൽ ഇതുവരെ സീറ്റുകളൊന്നും ഉറപ്പിക്കാനായിട്ടില്ല. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മെൽട്ടൺ (Melton) മണ്ഡലത്തിൽ പാർട്ടി മുന്നിട്ടുനിൽക്കുന്നുണ്ട്. 30 മണ്ഡലങ്ങളിൽ ത്രികോണ-ചതുഷ്കോണ മത്സരങ്ങൾ നടക്കുന്നതിനാൽ പ്രിഫറൻസ് വോട്ടുകൾ എണ്ണിയ ശേഷമേ അന്തിമ വിജയിയെ പ്രഖ്യാപിക്കാനാകൂ.

നിലവിലെ ലേബർ പ്രീമിയർ ബെൻ കരോൾ (Ben Carroll) പരാജയം സമ്മതിച്ചു. 50 വർഷമായി ലേബർ പാർട്ടി കൈവശം വച്ചിരുന്ന സ്വന്തം മണ്ഡലമായ നിഡ്രിയിൽ (Niddrie) ബെൻ കരോൾ പരാജയപ്പെട്ടു. 1945-ന് ശേഷം സ്വന്തം മണ്ഡലത്തിൽ പരാജയപ്പെടുന്ന ആദ്യ വിക്ടോറിയൻ പ്രീമിയറാണ് അദ്ദേഹം. മുൻ ലേബർ പ്രീമിയർമാരായ ഡാനിയൽ ആൻഡ്രൂസിന്റെ മണ്ഡലമായ മൾഗ്രേവ് (Mulgrave), ജസീന്ത അലന്റെ ബെൻഡിഗോ ഈസ്റ്റ് (Bendigo East), ജോൺ കെയ്‌നിന്റെ ബുണ്ടൂറ (Bundoora) തുടങ്ങിയ പരമ്പരാഗത ലേബർ കോട്ടകളെല്ലാം സഖ്യം പിടിച്ചെടുത്തു.

Photo:FB/JessWilsonMP

Send your news and Advertisements

You may also like

error: Thank you for visiting onlinevarthakal