Sunday, November 29, 2026
Home » മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; ഡിഎംകെ എൻഡിഎയിലേക്ക് ?
മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; ഡിഎംകെ എൻഡിഎയിലേക്ക് ?

മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെയുടെ പിന്തുണ; ഡിഎംകെ എൻഡിഎയിലേക്ക് ?

by Editor

ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനും (Delimitation Bill) വനിതാ സംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ എംപിമാരുടെ സംഘം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴിക്കൊപ്പം മുതിർന്ന എംപിമാരായ ടി.ആർ. ബാലു, എ. രാജ, ദയാനിധി മാരൻ, പി. വിൽസൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്കൊപ്പം വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാ എംപി വൈ.വി. സുബ്ബറെഡ്ഡിയും അമിത് ഷായെ കണ്ടിരുന്നു.

എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനമായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കനിമൊഴി വ്യക്തമാക്കി. 1971-ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകൾ വർധിപ്പിക്കണമെന്നും അടുത്ത 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്നുമുള്ള ഡിഎംകെയുടെ പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയതാണ് നിലപാട് മാറ്റത്തിന് കാരണം. പുതിയ വ്യവസ്ഥ പ്രകാരം ലോക്‌സഭയിൽ തമിഴ്‌നാടിന്റെ സീറ്റുകളുടെ എണ്ണം 39-ൽ നിന്ന് 59 ആയി ഉയരുമെന്നും, ഈ ബിൽ പാസാകുന്നതോടെ വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ വഴിയൊരുങ്ങുമെന്നും കനിമൊഴി അറിയിച്ചു.

നിലവിൽ ലോക്‌സഭയിൽ തമിഴ്‌നാടിന് 7.18% (39 സീറ്റുകൾ) പ്രാതിനിധ്യമാണുള്ളത്. ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയതിനാൽ തമിഴ്‌നാട്ടിൽ ജനസംഖ്യാ വളർച്ച കുറവാണ്. പുതിയ സെൻസസ് (2011 അല്ലെങ്കിൽ 2027) അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ, ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും തമിഴ്‌നാടിന്റെ സീറ്റുകൾ 39-ൽ നിന്ന് 32 ആയി കുറയുകയും ചെയ്യുമെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 1971-ലെ സെൻസസ് പ്രകാരമുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം നിലനിർത്തിക്കൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളുടെ എണ്ണം 50% വർധിപ്പിക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതുവഴി തമിഴ്‌നാടിന്റെ സീറ്റുകൾ 39-ൽ നിന്ന് 59 ആയി ഉയരും. (അതേസമയം, സംസ്ഥാനത്തിനുള്ളിലെ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുന്നത് 2011-ലെ സെൻസസ് പ്രകാരമായിരിക്കും)

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച പശ്ചാത്തലത്തിലും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയും ലോക്‌സഭയിൽ ഡിഎംകെയുടെ 22 എംപിമാർക്ക് കോൺഗ്രസിൽ നിന്ന് മാറി പ്രത്യേക ഇരിപ്പിടം അനുവദിച്ചുകൊണ്ട് സ്പീക്കർ ഓം ബിർള ഉത്തരവിറക്കിയിട്ടുണ്ട്. മണ്ഡല പുനർനിർണയ ബില്ലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതും എംപിമാർ അമിത് ഷായെ കണ്ടതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, സഖ്യനീക്കം ഡിഎംകെ നേതൃത്വം തള്ളിക്കളയുകയാണ് ചെയ്തത്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കനിമൊഴി, ബില്ലിനുള്ള പിന്തുണയെ ബിജെപിയുമായുള്ള സഖ്യമായി വ്യാഖ്യാനിക്കരുതെന്ന് വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുന്നാക്ക സംവരണ (EWS) ബില്ലിനെ മുൻപ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പിന്തുണച്ചിരുന്നുവെന്നും, അന്ന് അതിനെ സഖ്യമായി ആരും കണ്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഡിഎംകെയുടെ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ട് മാത്രമാണ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം നിലവിൽ ഇത് ബില്ലിന്മേലുള്ള വിഷയാധിഷ്ഠിത പിന്തുണ മാത്രമാണെങ്കിലും, കോൺഗ്രസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഭാവിയിൽ ബിജെപിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിനുള്ള വാതിൽ തുറന്നിടുന്ന നീക്കമാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മണ്ഡല പുനർനിർണയ ബിൽ: ലോക്‌സഭ സീറ്റുകളുടെ എണ്ണം 50% കൂടും; കേന്ദ്ര സര്‍ക്കാരിനൊപ്പമെന്ന് ശരദ് പവാര്‍ പക്ഷം. 

Send your news and Advertisements

You may also like

error: Thank you for visiting onlinevarthakal