ന്യൂ ഡൽഹി: രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുതുക്കിയ ബില്ലിന് അംഗീകാരം നൽകിയത്. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ 50% വർധിപ്പിക്കാനും, 1971-ലെ സെൻസസ് പ്രകാരമുള്ള നിലവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ അനുപാതം 2051 വരെ (അടുത്ത 25 വർഷത്തേക്ക്) തുടരാനുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ. ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് പ്രകാരമാകും മണ്ഡല പുനർനിർണയം നടത്തുക. വനിത സംവരണ സീറ്റുകൾ നിശ്ചയിക്കുന്നത് റൊട്ടേഷൻ വ്യവസ്ഥയിലാകും. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കും. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെടുത്തി ആണ് വനിത സംവരണം നടത്തുക. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കകൾ കൂടി പരിഗണിച്ചാണ് 50 ശതമാനത്തിൻ്റെ ഏകീകൃത വർധനവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്.
ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാർ നയിക്കുന്ന എൻസിപി (ശരദ്ചന്ദ്ര പവാർ) വിഭാഗം അറിയിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലുള്ള പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദേശീയ വക്താവ് ജിതേന്ദ്ര അവ്ഹാദ് ആണ് ഇന്നലെ ഈ തീരുമാനം അറിയിച്ചത്. മണ്ഡല പുനർനിർണയം ഭരണഘടനാപരമായ ആവശ്യമാണെന്നും, എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ 50% സീറ്റുകൾ വർധിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചതിനാൽ ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണം നടപ്പിലാക്കുക, മണ്ഡല പുനർനിർണയ കമ്മീഷനിൽ പ്രതിപക്ഷത്തിന് മതിയായ പ്രാതിനിധ്യം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്.
നവംബർ 30 മുതൽ ഡിസംബർ 3 വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കും. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (ഏകദേശം 358 വോട്ടുകൾ) ആവശ്യമാണ്. നിലവിൽ 319 അംഗങ്ങളുടെ പിന്തുണയുള്ള എൻഡിഎയ്ക്ക്, എട്ട് എംപിമാരുള്ള എൻസിപി (എസ്പി)യുടെയും 22 എംപിമാരുള്ള ഡിഎംകെയുടെയും നിലപാടുകൾ നിർണായകമാണ്.
നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട?.

