റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരു തൊഴിലാളി മരിക്കുകയും വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിവരുന്നതായും, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന തുടരുകയാണെന്നും സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം ആരോപിച്ചു. ആക്രമണം നടത്താൻ ഉപയോഗിച്ച യെമനിലെ ഹൊദൈദയിലുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറ തകർത്തതായി സഖ്യസേന പിന്നീട് അവകാശപ്പെട്ടു.
ബുധനാഴ്ച്ച (നവംബർ 25) സൗദിയിലെ ഏറ്റവും വലിയ റിഫൈനറിയായ റാസ് തനൂറയ്ക്ക് നേരെയും ജിദ്ദ, ജിസാൻ തുറമുഖങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജിസാൻ റിഫൈനറിക്ക് നേരെയും ആക്രമണമുണ്ടായത്.
ജിസാൻ റിഫൈനറി ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ യെമനിലെ ഹൊദൈദയിലുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറ തകർത്ത സൗദി നേതൃത്വത്തിലുള്ള സഖ്യസേന, തുടർന്ന് യെമനിലുടനീളമുള്ള 50 ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി അറിയിച്ചു. പടിഞ്ഞാറൻ യെമനിലെ തായിസ് (Taiz) മേഖലയിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ഹൂതി അനുകൂല മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.
ജിസാൻ ആക്രമണത്തെയും തൊഴിലാളിയുടെ മരണത്തെയും ഖത്തർ, ബഹ്‌റൈൻ, അറബ് ടൂറിസം ഓർഗനൈസേഷൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനകളിലൂടെ ശക്തമായി അപലപിച്ചു. ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് പാക്കിസ്ഥാനും തുർക്കിയും പ്രഖ്യാപിച്ചു.
കുവൈറ്റിന് നേരെ ആക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; മരിച്ചത് ഇറ്റാലിയന്‍ പൗരന്മാര്‍

