ന്യൂഡൽഹി: മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാൾ 58 കോടിയിലധികം രൂപ മുടക്കി നവീകരിച്ച ‘ശീഷ് മഹൽ’ ദില്ലി സർക്കാർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 20 രൂപ ടിക്കറ്റെടുത്ത് ഈ ആഡംബര വസതിയിലെ കാഴ്ചകൾ ആർക്കും കാണാനാകും. ഇതിന്റെ ആദ്യപടിയായി സിവിൽ ലൈൻസിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള ആഡംബര ബംഗ്ലാവ് മാധ്യമങ്ങൾക്കായി തുറന്നുനൽകി. വസതിയുടെ നവീകരണത്തിനായി ചെലവഴിച്ച കോടികൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
ശീഷ് മഹലിലെ കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 2015 മുതൽ 2024 ഒക്ടോബർ വരെ കെജ്രിവാൾ താമസിച്ചിരുന്ന വസതിയുടെ ഓരോ മുറിയും അവിടെയുള്ള ആഡംബര സൗകര്യങ്ങളും സന്ദർശകർക്ക് കാണാനാകും. ഓരോ സംവിധാനത്തിന്റെയും വില ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാവ് നവീകരിക്കാൻ ഖജനാവിൽനിന്നും ആകെ 58 കോടിയിലധികം മുടക്കിയെന്നാണ് സർക്കാർ കണ്ടെത്തൽ.
11 ലക്ഷം രൂപയുടെ ചാൻഡിലിയർ, 41 ലക്ഷത്തിലധികം രൂപ ചെലവഴിച്ച സ്വീകരണമുറി, 13 ലക്ഷം രൂപയുടെ മേശ, അടുക്കളയിലെ ഏഴ് ലക്ഷം രൂപയുടെ ഡംബ് വെയ്റ്റർ ലിഫ്റ്റ്, അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന കർട്ടനുകളും സോഫകളും തുടങ്ങി ചെലവുകളുടെ പട്ടിക നീളുന്നു. കെജ്‌രിവാൾ ഒഴിഞ്ഞതിന് ശേഷം ഒരു മാറ്റവും വരുത്താതെയാണ് വസതി ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവ് നടത്താനായി മാത്രം കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന പ്രത്യേക മുറിയിലെ സീറ്റ് കീറിയ കസേരയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ജനങ്ങൾക്ക് മുന്നിൽ താനൊരു സാധാരണക്കാരനാണെന്നും ലളിതജീവിതമാണ് നയിക്കുന്നതെന്നും വരുത്തിത്തീർക്കാനാണ് ഈ കസേരയിലിരുന്ന് ലൈവിൽ വന്നിരുന്നത്.
ഡൽഹി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബംഗ്ലാവിൽ ഓൺലൈനായി 20 രൂപ ടിക്കറ്റെടുത്ത് ആർക്കും കാണാം. ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായാണ് മാധ്യമങ്ങൾക്കൊപ്പം മന്ത്രി പർവേഷ് വർമ ഇന്നലെ ഹോം ടൂർ നടത്തിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന കെജ്രിവാളോ ആംആദ്മി പാർട്ടിയോ നടപടിയോട് പ്രതികരിച്ചിട്ടില്ല. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ബിജെപിയുടെ നിർണായക നീക്കമാണ് ശീഷ് മഹല് പൊതുജനങ്ങൾക്ക് തുറന്ന് നൽകുന്നത്.

