ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ‘ബിയോണ്ട് ദ് ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചത്.
സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപരിസരമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവവും നിഗൂഢവുമായ ‘കറുത്തച്ചനൂട്ട്’ എന്ന ആചാരവുമായി ബന്ധപ്പെട്ട പ്രമേയവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കളങ്കാവൽ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ഫൈസൽ അലിയുടെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്.

