അസദാബാദ്: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ വൻ സ്ഫോടനത്തിൽ 10 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 110 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ (ശനിയാഴ്ച) രാവിലെ 10 മണിയോടെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസദാബാദിലെ (Asadabad) അന്ദർസെർ (Anderseir) മേഖലയിലുള്ള ഷാഗായ് മിഡിൽ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
സ്കൂളിന് സമീപത്തുള്ള ഒരു വീട്ടിൽ ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ശേഖരത്തിലാണ് സ്ഫോടനമുണ്ടായത്. ഖനന കമ്പനികളുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരകളും മതിലുകളും തകർന്നു വീണു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ അസദാബാദിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭൂരിഭാഗം പേരെയും വിട്ടയച്ചതായും ഏകദേശം 15 പേർ ആശുപത്രിയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. ദുരിതബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ ഏജൻസിയായ യുണിസെഫ് (UNICEF) അറിയിച്ചു.

