Thursday, July 2, 2026
Home » “പി.ഒ.കെ പാക്കിസ്ഥാന്റെ ഭാഗമല്ല”: ഇന്ത്യയെ സമീപിക്കുമെന്ന് ഇസ്ലാമാബാദിന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
"പി.ഒ.കെ പാക്കിസ്ഥാന്റെ ഭാഗമല്ല": ഇന്ത്യയെ സമീപിക്കുമെന്ന് ഇസ്ലാമാബാദിന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

“പി.ഒ.കെ പാക്കിസ്ഥാന്റെ ഭാഗമല്ല”: ഇന്ത്യയെ സമീപിക്കുമെന്ന് ഇസ്ലാമാബാദിന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

by Editor

റാവൽകോട്ട്: പാക് അധീന കശ്‌മീരിൽ (പിഒകെ) പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാകുന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന വലിയ ജനകീയ കൂട്ടായ്മയിൽ, “പി.ഒ.കെ പാക്കിസ്ഥാന്റെ ഭാഗമല്ല” എന്ന് പ്രഖ്യാപിച്ച സമരസമിതി നേതാക്കൾ, അവശ്യവസ്തുക്കളുടെ വിതരണം തടയുന്നത് തുടർന്നാൽ സഹായത്തിനായി ഇന്ത്യയെ സമീപിക്കുമെന്നും, ഇന്ത്യയുമായി അടുത്ത സഹകരണത്തിന് ശ്രമിക്കുമെന്നും പ്രതിഷേധക്കാർ ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി.

റാവലകോട്ടിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധ സമരം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സ്ത്രീകളും സ്കൂൾ കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകൾ റാവലകോട്ടിലെ സമരപ്പന്തലിൽ ഇപ്പോഴും രാപ്പകൽ സമരം തുടരുകയാണ്. ആഴ്ചകളായി തുടരുന്ന റോഡ് ഉപരോധവും പണിമുടക്കും കാരണം മേഖലയിലെ ഗതാഗതം, ബാങ്കിംഗ് സേവനങ്ങൾ, വ്യാപാരം എന്നിവ പൂർണ്ണമായി തടസ്സപ്പെട്ടു. ഇത് ടാക്സി ഡ്രൈവർമാർ, ചെറുകിട വ്യാപാരികൾ, ദിവസവേതനക്കാർ എന്നിവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരത്തിന്റെ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ജൂൺ 5 മുതൽ അധികൃതർ ഏർപ്പെടുത്തിയ ഇന്റർനെറ്റ്, കമ്മ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ട് ഇന്നും തുടരുകയാണ്.

പാക്ക് അധീന കശ്‌മീർ പാക്കിസ്‌ഥാൻ്റെ ഭാഗമല്ലെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിഡിയോകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീറിനെ തള്ളിക്കളഞ്ഞ ജനങ്ങൾ, തങ്ങൾ ഒരു സ്വേച്ഛാധിപതിയെയും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. പാക്ക് അധീന കശ്‌മീൽ മാത്രമല്ല, വിദേശങ്ങളിൽ താമസിക്കുന്ന കശ്‌മീരികളും വിവിധ രാജ്യങ്ങളിലെ പാക്കിസ്‌ഥാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തുണ്ട്.

സമരത്തിനിടെ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ 22 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്കുകൾ. ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകരുടെ പങ്കാളിത്തത്തോടെ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പാക്കിസ്‌ഥാൻ കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെയും പോലീസിനെയും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഉയർന്ന വൈദ്യുതി നിരക്ക്, കടുത്ത വിലക്കയറ്റം, സബ്‌സിഡി നിരക്കിലുള്ള ഗോതമ്പ് മാവിന്റെ ദൗർലഭ്യം എന്നിവയ്‌ക്കെതിരെ 2023 മുതൽ ഈ മേഖലയിൽ ജനങ്ങൾ പ്രതിഷേധിച്ചുവരികയായിരുന്നു. PoK-യിലെ മംഗ്ല ഡാമിൽ നിന്നാണ് പാക്കിസ്‌ഥാൻ വലിയ തോതിൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾക്ക് കനത്ത തുകയാണ് വൈദ്യുതി ബില്ലായി പാക് ഭരണകൂടം ഈടാക്കുന്നത്. തങ്ങളുടെ മണ്ണിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിൽ വേണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.

ജൂൺ ആദ്യവാരം പാക്കിസ്‌ഥാൻ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഒരു വിധി പ്രക്ഷോഭം വീണ്ടും ആളിക്കത്തിച്ചു. PoK അസംബ്ലിയിലെ 12 അഭയാർത്ഥി സംവരണ സീറ്റുകൾ ഭരണഘടനാപരമായി നിലനിൽക്കുമെന്നായിരുന്നു കോടതി നിരീക്ഷണം. ഇസ്ലാമാബാദിന് കശ്മീർ രാഷ്ട്രീയത്തിൽ മേൽക്കോയ്മ നേടാൻ സഹായിക്കുന്ന ഈ സീറ്റുകൾ നിർത്തലാക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ജൂൺ 5 മുതൽ ‘ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JAAC) സമരം ശക്തമാക്കിയതോടെ പാക് സൈന്യവും പോലീസും കടുത്ത അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി പാക് അധികൃതർ ഈ മേഖലയിലേക്കുള്ള ഭക്ഷണസാധനങ്ങളും ഗോതമ്പ് മാവ് ഉൾപ്പെടെയുള്ള മറ്റ് അവശ്യവസ്തുക്കളും തടഞ്ഞിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു

PoK-യിൽ പാക് സുരക്ഷാ സേന നടത്തുന്ന ക്രൂരമായ പോലീസ് അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായി അപലപിച്ചു.ഗിൽജിത്-ബാൾട്ടിസ്ഥാൻ ഉൾപ്പെടെയുള്ള മുഴുവൻ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. അവിടെ പാക്കിസ്‌ഥാൻ നടത്തുന്ന നിയമവിരുദ്ധ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നിരായുധരായ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് പാക്കിസ്‌ഥാനെ അന്താരാഷ്ട്ര സമൂഹം പ്രതിക്കൂട്ടിലാക്കണമെന്നും അവരെക്കൊണ്ട് മറുപടി പറയിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

ഗിൽ‌ജിത് – ബാള്‍ട്ടിസ്താന്‍ ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 30 ലധികം പേർക്ക് പരുക്ക്.

Send your news and Advertisements

You may also like

error: Content is protected !!