കാബൂൾ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ ഐസിസ് ഒളിത്താവളങ്ങൾ വ്യോമസേന ആക്രമിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറിയിച്ചു. ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലുള്ള സരണാൻ പ്രദേശം, ഖൈബർ പഖ്തൂൺഖ്വയിലെ ചിത്രാൽ ഷാ സലിം വാലി, കംബർ ഖേൽ എന്നിവിടങ്ങളിലെ ഐസിസ് കേന്ദ്രങ്ങളാണ് അഫ്ഗാൻ സേന ആക്രമിച്ചത്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരെയും കാബൂളിനെയും ലക്ഷ്യമിട്ട് പാക് മണ്ണിലിരുന്ന് ആസൂത്രണം ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുത്താനാണ് ഈ നടപടിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ കേന്ദ്രങ്ങളെയും തകർക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, താലിബാന്റെ ഈ അവകാശവാദങ്ങൾ വ്യാജമാണെന്നും അതിർത്തി കടന്നെത്തിയ ലളിതമായ ഒരു ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായും പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. അതിർത്തിയിലെ സായുധ ഗ്രൂപ്പുകളെച്ചൊല്ലി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന അതിരൂക്ഷമായ അതിർത്തി തർക്കങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും തുടർച്ചയായാണ് ഈ സംഭവം.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം ഇപ്പോൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് മറുപടിയായി പാക് സൈന്യം അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് ശക്തമായ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ഓപ്പറേഷനുകളും നടത്തി. പാക് ആക്രമണത്തിന് പിന്നാലെ അഫ്ഗാൻ താലിബാൻ ഭരണകൂടം പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് തിരിച്ചടിയായി പ്രത്യാക്രമണം ആരംഭിച്ചു.
കറാച്ചി സ്ഫോടനം: അഫ്ഗാൻ അതിർത്തി കടന്ന് പാക്കിസ്ഥാന്റെ ആക്രമണം; 40 മരണം

