കൊച്ചി: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന്റെ മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പിൻവലിച്ചു. താരം സമർപ്പിച്ച മാപ്പപേക്ഷ നിരുപാധികം അംഗീകരിച്ചുകൊണ്ടാണ് കെസിഎയുടെ ഈ അടിയന്തര നടപടി. വിലക്ക് പിൻവലിച്ചെങ്കിലും, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കർശനമായ നടപടി നേരിടേണ്ടി വരുമെന്ന് കെസിഎ വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിനാണ് ശ്രീശാന്തിനെ കെസിഎ വിലക്കിയിരുന്നത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതോടെ താരം കെസിഎയോട് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ഇന്ന് ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ ഐകകണ്ഠ്യേന അംഗീകരിക്കുകയും വിലക്ക് നീക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം മേയിലാണ് ശ്രീശാന്തിനെ കെസിഎ വിലക്കിയത്. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് കെസിഎയ്ക്കെതിരെ ശ്രീശാന്ത് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിലക്ക് നീങ്ങിയതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ശ്രീശാന്തിന് വീണ്ടും സജീവമാകാൻ വഴിയൊരുങ്ങി. ‘ഏരീസ് കൊല്ലം സെയിലേഴ്‌സ്’ ടീമിന്റെ സഹഉടമയായി തുടരുന്നതിനും ഇനി തടസമുണ്ടാകില്ല.

