സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ പുതിയ ടീസർ എത്തി. നയൻതാര, രുക്‌മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് സിനിമയിലെ നായികമാർ. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ‘ടോക്സിക്ക്’. ചിത്രത്തിൽ ഇരട്ട േവഷത്തിലാകും യാഷ് എത്തുക.
‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്‌ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. യാഷിൻ്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.

