Thursday, July 2, 2026
Home » ഇറാൻ – അമേരിക്ക ചർച്ച ദോഹയിൽ അവസാനിച്ചു; ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് ജെഡി വാൻസ്
അമേരിക്ക ഇറാൻ ചർച്ച

ഇറാൻ – അമേരിക്ക ചർച്ച ദോഹയിൽ അവസാനിച്ചു; ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് ജെഡി വാൻസ്

by Editor

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ഖത്തറിലെ ദോഹയിൽ നടന്ന പരോക്ഷ ചർച്ചകൾ അവസാനിച്ചതായും ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും സ്ഥിരീകരിച്ചു. ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള സമീപകാല സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ സാങ്കേതിക ചർച്ചകൾ സംഘടിപ്പിച്ചത്. യു.എസ്, ഇറാൻ പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തിയില്ല. പകരം ഖത്തർ പ്രതിനിധികൾ മുഖേനയാണ് ആശയവിനിമയം നടത്തിയത്. ചർച്ചകളിൽ മികച്ച പുരോഗതിയുണ്ടെന്നും ഇറാൻ പ്രതിനിധികൾ കൃത്യമായ താൽപ്പര്യത്തോടെയാണ് ചർച്ചയെ സമീപിച്ചതെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കി.

അമേരിക്ക-ഇറാൻ പരോക്ഷ സാങ്കേതിക ചർച്ചകളിൽ പ്രധാനമായും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുമാണ് ചർച്ചയായത്. മുൻപ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിന്റെ (MoU) ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനുമായി ഒരു പുതിയ കമ്മ്യൂണിക്കേഷൻ ചാനൽ (ആശയവിനിമയ സംവിധാനം) രൂപീകരിക്കാൻ ഇരുപക്ഷവും ധാരണയായി.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും സാങ്കേതികതലത്തിൽ ചർച്ച നടത്തി. താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി 60 ദിവസത്തേക്ക് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന മുൻ ധാരണ നടപ്പിലാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഖത്തറിലെ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ 600 കോടി ഡോളറിന്റെ ഫണ്ട് ഉപയോഗിച്ച് ഇറാന് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്തു. ലെബനൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലകളിൽ പൂർണ്ണമായ വെടിനിർത്തൽ നടപ്പാക്കുന്നതിനായുള്ള ചർച്ചകൾ തുടരാനും തീരുമാനിച്ചു.

ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ കാസിം ഗരീബാബാദി ആണ് ഇറാൻ പ്രതിനിധി സംഘത്തെ നയിച്ചത്. ഇറാന്റെ ചീഫ് നെഗോസിയേറ്റർമാരും സാങ്കേതിക വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. യു.എസിന്റെ ലോവർ ലെവൽ സാങ്കേതിക വിദഗ്ധരും പ്രതിനിധികളുമാണ് പ്രധാന ചർച്ചകളിൽ പങ്കെടുത്തത്. ചർച്ചകൾക്ക് മുന്നോടിയായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ, യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ദോഹയിലെത്തി അടിസ്ഥാന കാര്യങ്ങൾ വിലയിരുത്തിയെങ്കിലും ഇവർ ഇറാൻ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ല. ഖത്തർ പ്രധാനമന്ത്രി ചർച്ചകൾക്ക് പൂർണ്ണ മധ്യസ്ഥത വഹിക്കുകയും യു.എസ്, ഇറാൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികളും ഖത്തറിനൊപ്പം മധ്യസ്ഥരായി പങ്കെടുത്തു.

ഇറാൻ അതിർത്തിയിൽ കുർദിഷ് വിമതർ ഐആർജിസിയുമായി ഏറ്റുമുട്ടി; നിരവധി മരണം

Send your news and Advertisements

You may also like

error: Content is protected !!