Thursday, July 2, 2026
Home » റഷ്യയിലേക്ക് പെട്രോൾ കയറ്റി അയച്ച്‌ ഇന്ത്യ. ക്രൂഡോയിൽ ഇറക്കുമതിയും തുടരുന്നു.
ക്രൂഡോയിൽ വില കുതിച്ചുയരുന്നു.

റഷ്യയിലേക്ക് പെട്രോൾ കയറ്റി അയച്ച്‌ ഇന്ത്യ. ക്രൂഡോയിൽ ഇറക്കുമതിയും തുടരുന്നു.

by Editor

ന്യൂഡൽഹി: റഷ്യയിലേക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യ പെട്രോൾ കയറ്റി അയക്കാൻ തുടങ്ങി. എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ കാരണം റഷ്യയിലുണ്ടായ കടുത്ത ഇന്ധനക്ഷാമം പരിഹരിക്കാനാണ് ഈ നടപടി. അതേസമയം തന്നെ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ (ക്രൂഡോയിൽ) ഇറക്കുമതി ഇന്ത്യ റെക്കോർഡ് അളവിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യുക്രെയ്ൻ ആക്രമണങ്ങൾ കാരണം റഷ്യയുടെ പെട്രോൾ ഉൽപ്പാദനത്തിൽ ഏകദേശം 25 ശതമാനത്തോളം ഇടിവുണ്ടായി. ആക്രമണത്തിൽ റിഫൈനറികൾ കൂട്ടത്തോടെ തകർന്നതോടെ കടുത്ത ഇന്ധന പ്രതിസന്ധിയിലാണ് റഷ്യ. ഇതിനെ നേരിടാനാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റഷ്യ എണ്ണ വാങ്ങാൻ തുടങ്ങിയത്. ഇതിനോടകം 60,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 2.70 മില്യൺ ബാരൽ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. ചൈനീസ് ഡിമാൻഡ് കുറഞ്ഞതും പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്നതുമാണ് ഇറക്കുമതി വർധിക്കാൻ കാരണം. മികച്ച ഡിസ്ക്കൗണ്ടിൽ ക്രൂഡ് ലഭ്യമാണെന്നതും ഇന്ത്യൻ കമ്പനികളെ റഷ്യയിലേക്ക് ആകർഷിക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും ഇപ്പോൾ റഷ്യയിൽ നിന്നാണ് (മെയ് മാസത്തിൽ ഇത് 36.5% ആയിരുന്നു). റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി, അത് പെട്രോളാക്കി മാറ്റി തിരികെ റഷ്യയ്ക്ക് തന്നെ ഉയർന്ന വിലയ്ക്ക് വിൽക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കുന്നു എന്ന നേട്ടവും ഇപ്പോളുണ്ട്.

പാചകവാതക (എൽപിജി) ഇറക്കുമതി കൂടുതൽ അമേരിക്കയിൽ നിന്ന്

പശ്ചിമേഷ്യൻ (ഗൾഫ്) മേഖലയിലെ കടുത്ത യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ഇന്ത്യയുടെ ഏറ്റവും വലിയ പാചകവാതക (എൽപിജി) വിതരണക്കാരായി അമേരിക്ക (യു.എസ്) മാറി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ, ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി റെക്കോർഡ് വേഗത്തിൽ വർദ്ധിപ്പിക്കുകയും ചെയ്തു.

ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ എൽപിജി ഇറക്കുമതിയുടെ 65 ശതമാനവും (ഏകദേശം 7.73 ലക്ഷം ടൺ) അമേരിക്കയിൽ നിന്നാണ് എത്തിയത്. പരമ്പരാഗതമായി ഇന്ത്യയ്ക്ക് പാചകവാതകം നൽകിയിരുന്ന യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക ഒന്നാമതെത്തിയത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ഗൾഫിൽ നിന്നുള്ള കപ്പൽ ചാനലായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ യാത്ര അപകടത്തിലാവുകയും വിതരണം പകുതിയിലധികമായി കുറയുകയും ചെയ്തതാണ് ഇതിനു കാരണമായത്.

Send your news and Advertisements

You may also like

error: Content is protected !!