ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി ടാറ്റ സിയേറ ഇവി (Tata Sierra EV) ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. 18.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഉയർന്ന വേരിയന്റുകൾക്ക് 24.79 ലക്ഷം രൂപ വരെയാണ് വില വരുന്നത്. സിയേറയുടെ പെട്രോൾ/ഡീസൽ പതിപ്പ് പുറത്തിറങ്ങി വെറും ഏഴ് മാസത്തിന് ശേഷമാണ് ഇവി എത്തുന്നത്.
ടാറ്റ ഹാരിയർ ഇവിക്ക് അടിത്തറയൊരുക്കുന്ന അതേ Acti.ev+ ആർക്കിടെക്‌ചറിലാണ് സിയേറ ഇവിയും നിർമിച്ചിരിക്കുന്നത്. 63kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 75kWh വേരിയന്റിന് പരമാവധി 665 കിലോമീറ്റർ റേഞ്ച് (MIDC കണക്കുകൾ പ്രകാരം) കമ്പനി അവകാശപ്പെടുന്നു. 63kWh പതിപ്പിന് 565 കിലോമീറ്ററും സിംഗിൾ ചാർജ് റേഞ്ച് ലഭിക്കും. 120kW DC ഫാസ്‌റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 15 മിനിറ്റ് കൊണ്ട് 263 കിലോമീറ്റർ ഓടാനുള്ള ചാർജ് കയറ്റാം. വെറും 26 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനാകും. ടാറ്റയുടെ മറ്റ് ഇവികൾക്ക് സമാനമായി ഇതിനും ‘ലൈഫ് ടൈം ബാറ്ററി വാറന്റി’ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, അടച്ചുപൂട്ടിയ ഗ്രിൽ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ, ആംബിയന്റ് ലൈറ്റിങ്, 12-സ്‌പീക്കർ JBL ബ്ലാക്ക് സൗണ്ട് സിസ്‌റ്റം, ഡ്യൂഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ബോസ് മോഡ്, കാബിൻ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് സീറ്റുകൾ, പവേഡ് ടെയിൽഗേറ്റ്, ലെവൽ 2 അഡാസ് (ADAS) സുരക്ഷ, കണക്റ്റഡ് കാർ ടെക്നോളജി, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ, 6 എയർബാഗുകൾ. ഹാരിയർ ഇവിയിൽ നിന്ന് കടമെടുത്ത സമൺ മോഡ്, കാറിനുള്ളിലിരുന്ന് പണമിടപാട് നടത്താവുന്ന ഡ്രൈവ്പേ എന്നീ ആധുനിക ഫീച്ചറുകളും സിയേറ ഇവിയിൽ ലഭ്യമാണ്.
ഇവി എസ്‌യുവി സെഗ്മെൻ്റിൽ മഹീന്ദ്ര ബിഇ 6, മാരുതി സുസുക്കി ഇ വിറ്റാര, വിൻഫാസ്‌റ്റ് VF6, ഹ്യുണ്ടേയ് ക്രെറ്റ ഇലക്ട്രിക്, എംജി ഇസഡ്എസ് ഇവി എന്നിവർക്ക് കടുത്ത വെല്ലുവിളിയായാവും സിയേറ ഇവിയുടെ വരവ്.

