ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ‘സിന്ധ് റെയ്ഞ്ചേഴ്സ്’ എന്ന അർധസൈനിക വിഭാഗത്തിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെ ജൂൺ 27-ന് ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് കനത്ത വ്യോമ-കരസേനാ ആക്രമണം നടത്തി. പാക്ക് സേനയുടെ ബോംബാക്രമണത്തിൽ 36 മുതൽ 40 വരെ ആളുകൾ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ താലിബാൻ വക്താക്കൾ പറഞ്ഞു. 160-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ടി.ടി.പി (TTP) യുടെ ഭാഗമായ ‘ജമാഅത്ത്-ഉൽ-അഹ്‌റാർ’ എന്ന സംഘടനയാണ് കറാച്ചി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പിടിയിലായ ഒരു ഭീകരൻ അഫ്ഗാൻ പൗരനാണെന്ന് വ്യക്തമായതോടെയാണ് അഫ്ഗാൻ മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ജൂൺ 28-ന് രാത്രിയോടെ പ്രത്യാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരാണെന്നും ജനവാസ മേഖലകളിലെ വീടുകൾക്ക് നേരെയാണ് പാക്കിസ്ഥാൻ ഭീരുത്വപരമായ ആക്രമണം നടത്തിയതെന്നും താലിബാൻ ആരോപിച്ചു. പാക്കിസ്ഥാന്റെ നടപടി ഭീരുത്വമാണെന്നും ക്രൂരമായ കുറ്റകൃത്യമാണെന്നും താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാൽ അഫ്ഗാനിസ്ഥാനിലെ പക്ടിയ, പക്ടിക്ക, കുനാർ എന്നീ അതിർത്തി പ്രവിശ്യകളിൽ ഒളിച്ചിരുന്ന 29 അതിർത്തി കടന്നുള്ള ഭീകരരെയാണ് തങ്ങൾ വധിച്ചതെന്നാണ് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള താരാർ വ്യക്തമാക്കി. കറാച്ചിയിലെ പാക്ക് അർധസൈനിക വിഭാഗത്തിന്റെ ഓഫിസിനു നേരെയും മറ്റ് സുരക്ഷാ സേനകൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ഈ സൈനിക നടപടി സ്വീകരിച്ചതെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം അത് തകര്‍ന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷങ്ങളും വ്യോമാക്രമണങ്ങളും നടന്നിരുന്നു. ജൂണ്‍ ആദ്യവാരത്തിലും പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

