Wednesday, July 1, 2026
Home » യുഎഇയുടെ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് എമിറേറ്റുകളെ ബന്ധിപ്പിച്ച് ഇത്തിഹാദ് പാസഞ്ചർ സർവീസിന് തുടക്കം
യുഎഇയുടെ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് എമിറേറ്റുകളെ ബന്ധിപ്പിച്ച് ഇത്തിഹാദ് പാസഞ്ചർ സർവീസിന് തുടക്കം

യുഎഇയുടെ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് എമിറേറ്റുകളെ ബന്ധിപ്പിച്ച് ഇത്തിഹാദ് പാസഞ്ചർ സർവീസിന് തുടക്കം

by Editor

ദുബായ്: യുഎഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ പ്രഥമ പാസഞ്ചർ ട്രെയിൻ സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. യുഎഇയുടെ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് പുലർച്ചെ 5:34-ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ, 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു.

ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ പരമ്പരാഗത എമിറാത്തി നൃത്തം ഒരുക്കിയിരുന്നു. കൂടാതെ, ഈ ചരിത്ര നിമിഷം ക്യാമറകളിൽ പകർത്താൻ സൗജന്യ ഫോട്ടോ ബൂത്ത്, വർണ്ണാഭമായ ബലൂണുകൾ, സൗജന്യ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയും സ്റ്റേഷനിൽ സജ്ജീകരിച്ചിരുന്നു. യുഎഇയുടെ ഗതാഗത രംഗത്ത് ഇതൊരു പുതു യുഗത്തിന്‍റെ തുടക്കമാണിത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിൻ കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ഇരു എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കും. റോഡ് മാർഗമുള്ള യാത്രയേക്കാൾ ഒരു മണിക്കൂറോളം ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ അത്യാധുനിക പാസഞ്ചർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതോടെയാണ് യുഎഇ കാത്തിരുന്ന ഈ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമായത്. യുഎഇയുടെ ഈ ചരിത്ര മുന്നേറ്റത്തിൽ മലയാളി തിളക്കമായി, ഇത്തിഹാദ് റെയിലിൻ്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ് ചുമതലയേറ്റത് പ്രവാസി സമൂഹത്തിനും അഭിമാന നിമിഷമായി.

ആദ്യ ഘട്ടത്തിൽ അബുദാബി-ഫുജൈറ റൂട്ടിലാണ് സർവീസ് എങ്കിൽ വരും മാസങ്ങളിൽ രാജ്യം മുഴുവൻ ഈ വെള്ളിപ്പാതയിലൂടെ ഒന്നിക്കും. പ്രഖ്യാപിച്ച ടൈംടേബിൾ പ്രകാരം സെപ്റ്റംബർ 30 ഓടെ ദുബായ് (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്), ഷാർജയിലെ അൽ ദൈദ് സ്റ്റേഷനുകൾ തുറക്കും. ഡിസംബർ 30 ന് അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും 2027 മാർച്ച് 30 ഓടെ ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ ശൃംഖല പൂർണമാകും. അബുദാബി-ഫുജൈറ റൂട്ടിൽ പ്രൊമോഷണൽ ഓഫറിൻ്റെ ഭാഗമായി ഇക്കോണമി ക്ലാസിന് 55 ദിർഹവും, പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് പ്രാരംഭ നിരക്ക്. ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഒരു സമയം 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് കാഫ് കമ്പനി നിർമിച്ച അത്യാധുനിക ട്രെയിനുകൾ. യാത്രക്കാർക്ക് മികച്ച ലെഗ് റൂം, സൗജന്യ വൈഫൈ, എല്ലാ സീറ്റുകളിലും ചാർജിങ് പോർട്ടുകൾ, ഫോൾഡ്-ഔൺ ടേബിളുകൾ എന്നിവ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഈ റെയിൽ ശൃംഖല യുഎഇയിലെ എമിറേറ്റുകൾ തമ്മിലുള്ള റോഡ് മാർഗമുള്ള യാത്രാ സമയം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കും. രാജ്യത്തിൻ്റെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് വൻ കുതിപ്പേകുന്നതാണ് ഈ പദ്ധതിയെന്ന് ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!