മലയാളസിനിമയിൽ കഥാപരമായി ആശയ ദാരിദ്ര്യം അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരിടവേളയിലാണ് നാട്ടുമ്പുറത്തെ പച്ചയായകഥകൾ പറഞ്ഞുകൊണ്ട് ലോഹിതദാസ് രംഗത്തെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കിയ ലോഹിയുടെ മുന്നിൽ പിന്നീട് മലയാള സിനിമാ ലോകം കൈകൂപ്പി നിന്നു.
എം.ടി.യും, പത്മരാജനും, ജോൺപോളും, ടി.ദാമോദരനുമൊക്കെ തിരക്കഥാരംഗത്ത്തിളങ്ങി നിൽക്കുന്ന കാലത്താണ് നാടകലോകത്തുനിന്ന് നടൻ തിലകൻ ലോഹിതദാസിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്.
പക്ഷേ, അവസരങ്ങൾക്കായി കുറെ കാത്തിരിക്കേണ്ടിവന്നു ലോഹിക്ക്. ഒടുവിൽ 1987-ൽ ‘തനിയാവർത്തന’ത്തിലൂടെ ലോഹിയുടെ ആദ്യതിരക്കഥ സിനിമയായി.
കാണികൾക്ക് വീർപ്പടക്കിക്കാണേണ്ടി വന്നു ആ സിനിമ. പിന്നെയങ്ങോട്ട് ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. നല്ലസിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികച്ചെപ്പ് കയ്യിലുള്ളവനെപ്പോലെയായി, നിർമാതാക്കൾക്ക് ലോഹിതദാസ്. ലോഹിയുടെ തിരക്കഥക്ക് അവർ കാത്തു നിന്നു. എത്ര പണം കൊടുക്കാനും തയ്യാറായി. കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതായിരുന്നില്ല, ലോഹിയുടെ ഒരു സിനിമയും.
മലയാള സിനിമയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതിയ അതുല്യ സംവിധായകനായിരുന്നു ലോഹിതദാസ്. ആശയഗംഭീരമായ സിനിമകളിലൂടെ തനിയാവര്‍ത്തനമില്ലാതെ സ്വന്തംസ്ഥാനമുറപ്പിച്ച സംവിധായകന്‍.
സിനിമ സംവിധായകന്റെ കലയാണെന്ന് തോന്നുംവിധം കൈയ്യൊപ്പു പതിപ്പിച്ച ബഹുമുഖ പ്രതിഭ. ലോഹിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളിലൂടെ പലനിർമ്മാതാക്കളും ധനികരായി. അഭിനേതാക്കൾ പലരും പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. പക്ഷേ, ലോഹിയുടെ ജീവിതം ഒറ്റപ്പെട്ട് കടക്കെണിയുടെ
ദുരിതക്കയത്തിൽ വീണുപോയി. കൈപിടിച്ചുയർത്താൻ ആരെങ്കിലും ശ്രമിക്കും മുൻപേ ലോഹി നടന്നകന്നു. തിരിച്ചുവരാത്ത ഏതോലോകത്തിലേക്ക്..
ലോഹിയില്ലാതെ മലയാള സിനിമ 17വർഷം പിന്നിടുന്നു.
വിനോദ് കട്ടച്ചിറ

