തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാര്‍ക്ക് കർശന നിർദേശവുമായി സർക്കാർ. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ ഭരണസെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞ ഒരാഴ്ചയായി കിട്ടുന്ന പരാതികളില്‍ ഏറെയും കേരള പബ്ലിക് സര്‍വീസ് കമ്മിഷന് എതിരെയാണ്. പിഎസ്‌സിക്കു നേരിട്ടു ലഭിക്കുന്ന പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇമെയില്‍ വഴി പരാതി നല്‍കിയാല്‍ മറുപടി പോലും കിട്ടില്ല. 5 വര്‍ഷമായി ഇതാണ് സ്ഥിതി.
ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‌സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് നടപടികളിലേക്ക് കടന്നേക്കും. സമീപകാലത്തെ നിയമനങ്ങളിലെ ക്രമക്കേടുകളിലും അന്വേഷണമുണ്ടാകും. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

