Tuesday, August 18, 2026
Home » വിദ്യാർഥി പ്രക്ഷോഭം: ഝാർഖണ്ഡിൽ ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ റദ്ദാക്കി; 2014 മുതലുള്ള പരീക്ഷകളിൽ സി.ഐ.ഡി അന്വേഷണം
വിദ്യാർഥി പ്രക്ഷോഭം: ഝാർഖണ്ഡിൽ ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ റദ്ദാക്കി; 2014 മുതലുള്ള പരീക്ഷകളിൽ സി.ഐ.ഡി അന്വേഷണം

വിദ്യാർഥി പ്രക്ഷോഭം: ഝാർഖണ്ഡിൽ ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ റദ്ദാക്കി; 2014 മുതലുള്ള പരീക്ഷകളിൽ സി.ഐ.ഡി അന്വേഷണം

by Editor

റാഞ്ചി: ഉദ്യോഗാർഥികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഝാർഖണ്ഡിൽ ജെ.എസ്.എസ്.സി-സി.ജി.എൽ (JSSC-CGL) പരീക്ഷയും, പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടി.ഡി.പി.എൽ (TDPL) 2014 മുതൽ നടത്തിയ മുഴുവൻ നിയമന പരീക്ഷകളും റദ്ദാക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ നടത്തിപ്പിലെ വ്യാപക ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ 24 ദിവസമായി നടത്തിവന്ന തീവ്രമായ ‘ജന്തർ മന്തർ മോഡൽ’ സമരത്തിനൊടുവിലാണ് ഈ നിർണായക പ്രഖ്യാപനം.

പ്രക്ഷോഭകരുടെ ആവശ്യങ്ങൾ പരിഗണിച്ച്, 2014 മുതൽ സംസ്ഥാനത്ത് നടന്ന മുഴുവൻ മത്സര പരീക്ഷകളെക്കുറിച്ചും സി.ഐ.ഡി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ മത്സരപരീക്ഷകളിലെയും ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അന്വേഷണം നടത്തും. ഇതിനുപുറമെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലും അന്വേഷണം നടക്കും.

സർക്കാർ ജോലികളിലെ നിയമന സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തർ മോഡൽ ശൈലിയിലാണ് വിദ്യാർഥികൾ സംസ്ഥാനത്ത് സമരം ശക്തമാക്കിയത്. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ 13 നിയമന പരീക്ഷകളിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് അവയെല്ലാം റദ്ദാക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് പൂർണ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവരെ നേരിൽക്കണ്ട് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ മുട്ടുമടക്കിയത്. ഓഗസ്റ്റ് 14- ന് ഹേമന്ത് സോറന് അയച്ച കത്തിൽ, വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന അവരുമായി കൂടിക്കാഴ്ച നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതോടെ 16 ദിവസമായി നിരാഹാരത്തിലായിരുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹാതോ സമരം അവസാനിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!