Saturday, May 30, 2026
Home » 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ ചരക്കു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ ചരക്കു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു.

by Editor

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം (2 മില്യൺ) ടിഇയു (TEU- Twenty-foot Equivalent Units) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന തുറമുഖമെന്ന ചരിത്ര നേട്ടം കൈവരിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സപ്ലൈ ചെയിൻ തടസങ്ങൾ, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ എന്നിവയ്ക്കിടയിലാണ് വിഴിഞ്ഞത്തിന്റെ ഈ നേട്ടം. ഇന്ത്യയിലെ മറ്റൊരു തുറമുഖവും ഇത്രയും കുറഞ്ഞ കാലയളവിൽ (18 മാസം) 20 ലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നിർമിച്ച് പ്രവർത്തിപ്പിക്കുന്ന തുറമുഖം 2024 ഡിസംബറിൽ ആണ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2025 ഓഗസ്റ്റിൽ തന്നെ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടവും കൈവരിച്ചതായി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര ഷിപ്പിംഗ് പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്തിലുള്ള സ്ഥാനം, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങൾക്കിടയിലെ ആഗോള വ്യാപാര ഗതാഗതത്തിന് വിഴിഞ്ഞത്തിന് വലിയ ഭൂമിശാസ്ത്രപരമായ മുൻതൂക്കം നൽകുന്നു. ഏകദേശം 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്ക് ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താൻ കഴിയും.

അന്താരാഷ്ട്ര കപ്പൽ ചാലിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ വലിയ കപ്പലുകൾക്ക് റൂട്ട് മാറാതെ തന്നെ വിഴിഞ്ഞത്ത് എളുപ്പത്തിൽ വരാം. ഇത് ലോജിസ്റ്റിക്സ് ചെലവുകൾ 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു. പ്രവർത്തനം ആരംഭിച്ചതിന് ശേഷം 950-ത്തിലധികം കപ്പലുകളെയാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതിൽ 400 മീറ്റർ നീളമുള്ള 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉൾപ്പെടുന്നു. ഇതും ഇന്ത്യയിലെ റെക്കോർഡ് ആണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായി അറിയപ്പെടുന്ന എം എസ് സി ഐറിന ഇന്ത്യയിലെത്തിയ ഏറ്റവും കൂടുതൽ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ് സി വേറോണ എന്നിവയും വിഴിഞ്ഞത്ത് നങ്കൂരമിട്ടു.

തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ഒരേസമയം 5 മദർ ഷിപ്പുകൾക്ക് (വലിയ കപ്പലുകൾ) ഇവിടെ അടുക്കാൻ സാധിക്കും. ഇതിലൂടെ കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന ശേഷി ഗണ്യമായി വർധിക്കുകയും സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട് പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുകയും ചെയ്യും. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായി. ജൂൺ ആദ്യവാരത്തോടെ കരമാർഗമുള്ള എക്സിം (EXIM) കാർഗോ സർവീസുകൾ ആരംഭിക്കും. ഇതിനായി കസ്റ്റംസ് വകുപ്പ് പൂർണ്ണ അനുമതി നൽകിയിട്ടുണ്ട്.

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം.

Send your news and Advertisements

You may also like

error: Content is protected !!