കീവ്: അസോവ് കടലിൽ (Sea of Azov) റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട 15 കപ്പലുകൾക്ക് നേരെ യുക്രെയ്ൻ ആക്രമണം. കടുത്ത രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ സൈന്യത്തിന് ഇന്ധനമെത്തിച്ചിരുന്ന 7 ഓയിൽ ടാങ്കറുകൾ, 5 ഡ്രൈ കാർഗോ കപ്പലുകൾ, ഒരു ഫെറി, 2 ടഗ് ബോട്ട് എന്നിവയാണ് യുക്രെയ്ൻ തകർത്തത്. യുക്രെയ്ന്റെ വൻതോതിലുള്ള ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് അസോവ് കടലിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി നിർത്തിവെക്കാൻ റഷ്യ നിർബന്ധിതരായി.
റഷ്യയുടെ ഗോതമ്പ് കയറ്റുമതിയുടെ കാൽഭാഗവും നടന്നിരുന്നത് ഈ വഴിയിലൂടെയായിരുന്നു. ഈ ആക്രമണ പരമ്പരയോടെ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ യുക്രെയ്ൻ തകർത്ത റഷ്യൻ കപ്പലുകളുടെ എണ്ണം 105 ആയി ഉയർന്നു എന്നാണ് റിപോർട്ടുകൾ. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് റഷ്യയ്ക്ക് ഇന്ധനവും സൈനിക സാമഗ്രികളും എത്തിച്ചിരുന്ന ‘ഷാഡോ ഫ്ലീറ്റ്’ അഥവാ നിഴൽക്കപ്പലുകളാണ് ഇവയിൽ ഭൂരിഭാഗവും.
റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന ക്രിമിയൻ പെനിൻസുലയിലെ ഇന്ധന സംഭരണശാലകളും വൈദ്യുതി വിതരണ ശൃംഖലകളും യുക്രെയ്ൻ തകർത്തതോടെ അവിടെ കടുത്ത ഇന്ധന-വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജൂലൈ 12-നും 13-നും ഇടയിൽ ക്രിമിയയിലെ 9 സബ്സ്റ്റേഷനുകളും റഷ്യയിൽ നിന്നുള്ള പ്രധാന പവർ ഗ്രിഡും യുക്രെയ്ൻ തകർത്തതോടെയാണ് അവിടെ വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും അഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ 81 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അവകാശപ്പെടുന്നു. റഷ്യയിലെ സരടോവ് (Saratov), സമേര (Samara) എന്നീ മേഖലകളിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലകൾ യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. ഈ പ്രമുഖ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടന്നത് 2026 ജൂലൈ 11-നാണ്.
യുക്രെയ്‌നിലെ തന്ത്രപ്രധാന നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിന് (Kyiv) നേരെ റഷ്യ ഇന്ന് പുലർച്ചെയും ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ജനവാസ മേഖലകളിലും കെട്ടിടങ്ങളിലും തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മുൻപുള്ള ദിവസങ്ങളിൽ കിയവിലും പരിസരപ്രദേശങ്ങളിലും നടന്ന റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നാൽപ്പതിലധികം സാധാരണ പൗരന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്നും ഒമ്പത് യൂറോപ്യൻ രാജ്യങ്ങളും കൈകോർത്ത് ‘ആന്റി ബാലിസ്റ്റിക് മിസൈൽ കോയലിഷൻ’ (Anti-Ballistic Missile Coalition) എന്ന പുതിയ വ്യോമപ്രതിരോധ സഖ്യം പാരീസിൽ വെച്ച് പ്രഖ്യാപിച്ചു. യുക്രെയ്ന് അതിശക്തമായ ‘പേട്രിയറ്റ്’ പ്രതിരോധ മിസൈലുകൾ സ്വന്തം രാജ്യത്ത് നിർമ്മിക്കാനുള്ള ലൈസൻസ് നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്.
2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രെയ്‌നിൽ സമ്പൂർണ്ണ സൈനിക അധിനിവേശം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സൈനിക പ്രതിസന്ധിയാണിത്. ഈ യുദ്ധം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാർ അഭയാർത്ഥികളാകുന്നതിനും കാരണമായി. കടലിലും ആകാശത്തും ഒരേസമയം അതിശക്തമായ ഡ്രോൺ യുദ്ധമുറകളിലേക്ക് ഇരുരാജ്യങ്ങളും മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

