കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും ഒട്ടനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. 15 പേർ കീവ് നഗരത്തിലും, ബാക്കിയുള്ളവർ കീവിന് ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലുമാണ് കൊല്ലപ്പെട്ടത്. 23 ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ 74 മിസൈലുകളും 496 ഡ്രോണുകളും റഷ്യൻ സേന പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും റോഡുകളിൽ നിന്നുമായി 85-ലധികം പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ തകർന്ന ഒൻപത് നിലകളുള്ള പാർപ്പിട സമുച്ചയങ്ങൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ മാറ്റുന്നത് തുടരുകയാണ്.
റഷ്യ തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നുപോലും വെടിവെച്ചിടാൻ യുക്രെയ്ൻ വ്യോമസേനയ്ക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്ന്റെ കൈവശമുള്ള അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈലുകളുടെ സ്റ്റോക്ക് തീർന്നതാണ് ഇതിന് കാരണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയുടെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ കൂടുതൽ അത്യാധുനിക പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്രോൺ, മിസൈലുകൾ എന്നിവ നിർമിക്കുന്ന കീവിലെ ആയുധനിർമാണശാലകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്‌ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ യുക്രെയ്‌ൻ ഇത് സ്‌ഥിരീകരിച്ചിട്ടില്ല. അടുത്തിടെ റഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കീവിലെ ആക്രമണമെന്നും റഷ്യ പറഞ്ഞു.
തുർക്കിയിലെ അങ്കാറയിൽ ഇന്ന് ആരംഭിക്കുന്ന നിർണായകമായ നാറ്റോ (NATO) ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് റഷ്യയുടെ തുടർച്ചയായുള്ള ആക്രമണങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച കീവിൽ റഷ്യൻ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, താൻ പുട്ടിനുമായും സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചതായും യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

