പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ചില period തുടങ്ങി അഞ്ചു മിനിറ്റ് പോലും കഴിയണ്ട… ഒരു പ്രത്യേക നിശ്ശബ്ദത ആയിരിക്കും,അതായത് നമ്മൾ ബോറടിച്ച് മരിച്ചിരിക്കും.
Text book തുറന്നിരിക്കും, ടീച്ചർ ബ്ലാക്ക്ബോർഡിൽ എഴുതിക്കൊണ്ടിരിക്കും,
നമ്മുടെ മനസ്സ് മാത്രം സന്തോഷ് കുളങ്ങരെ പോലെ ചുറ്റിയടിച്ചുകൊണ്ടിരിക്കും!
അപ്പോഴാണ് തുണ്ടുകടലാസ് അഥവാ ചെറുകുറിപ്പിന്റെ വരവ്. നോട്ട് ബുക്കിന്റെ അവസാന പേജ് കീറി, നാലായി മടക്കി, വളരെ ചെറിയ അക്ഷരങ്ങളിൽ കുറച്ച് വാക്കുകൾ, അതിൽ വലിയ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
“ഇന്റർവെല്ലിൽ ഒരു കാര്യം പറയാനുണ്ട്. പുറത്തോട്ട് വരണേ”
“ഇന്ന് ട്യൂഷന് ഉണ്ടൊ, താനില്ലെങ്കിൽ ഞാനും തലവേദന ആന്നും പറഞ്ഞു വരുന്നില്ല”
“ഈ തൊലിഞ്ഞ ക്ലാസ്സ് എപ്പോ കഴിയുമോയെന്തോ, ഉറക്കം വന്ന് ഒരു വഴിയ്ക്കായി”
“ഉച്ചയ്ക്ക് ബ്രേക്കിന് സിനിമേടെ ബാക്കി പറയണേ…”
“SDV ബോയ്സിൽ മുദ്രാവാക്യം കേൾക്കുന്നുണ്ട്, നമുക്കും ബാഗ് pack ചെയ്താലോ” ..
ഇതൊന്നും പോരാഞ്ഞ് ചില code പ്രയോഗങ്ങളും caricature -കളും ടീച്ചേഴ്സിന്റെ ‘ഓമനപ്പേര്‘ കളും വേറെ.
ഒരു ബെഞ്ചിൽ നിന്ന് മറ്റൊന്നിലേക്ക്, ഒരു കൈയിൽ നിന്ന് മറ്റൊന്നിലേക്ക്, ഒരാളും ഒന്നും അറിയാത്തപോലെ വൻ ആക്ടിങ്. തുണ്ട് മുന്നോട്ട് പോകുമ്പോൾ, അത് എഴുതിയ ആളേക്കാൾ ടെൻഷൻ കൈമാറുന്നവർക്ക് ആയിരുന്നു. ടീച്ചർ പെട്ടെന്ന് തിരിഞ്ഞാൽ, നിമിഷം കൊണ്ട് സംഭവം പുസ്തകത്തിനുള്ളിൽ… ഡെസ്കിന്റെ അടിയിൽ… അല്ലെങ്കിൽ പോക്കറ്റിൽ.
RAW-യുടെ undercover operation പോലും ചമ്മിപോകുന്ന കയ്യടക്കം.
Delete for everyone ഓ Auto Correct ഓ ഒന്നും വേണ്ടാത്ത, തെറ്റായി എഴുതിയാലും വേണ്ടപ്പെട്ടവർ വായിച്ച് മനസ്സിലാക്കിയിരുന്ന, കുറിപ്പുകൾ അതായിരുന്നു ഞങ്ങൾ പെൺപിള്ളേരുടെ WhatsApp.
ഇന്ന് മെസേജ് അയയ്ക്കാൻ സെക്കൻഡ്സ് മതി. നൂറുകണക്കിന് മെസേജുകൾ ഫോണിലുണ്ട്. പക്ഷേ
ക്ലാസ്മുറിയിലൂടെ ഹൃദയമിടിപ്പോടെ യാത്ര ചെയ്ത ആ ചെറുകുറിപ്പുകൾ തന്ന ത്രില്ലും കാത്തിരിപ്പും സന്തോഷവും, ഒരു സ്മാർട്ട്ഫോണിനും കഴിയാത്ത ഒരിതാണ് അത്.
Nb: Dear Gen Z…thanks for putting up with our nostalgia. Some memories deserve a rerun. Someday, you can punish the next generation.
രാരിമ ശങ്കരൻകുട്ടി

