Friday, June 26, 2026
Home » രണ്ടര സെൻ്റ്
കഥ - രണ്ടര സെൻ്റ്

രണ്ടര സെൻ്റ്

കഥ

by Editor

കർക്കിടകമാസം മഴ തുള്ളി തോരാതെ പെയ്തു കൊണ്ടിരുന്നു. കുട്ടനച്ഛാച്ഛൻ്റെ വീട് മഴയത്ത് ചോർന്നു ഒലിച്ചു കൊണ്ടിരുന്നു. എത്ര ഓട് മാറിയിട്ടും യാതൊരു പ്രയോജനവുമില്ല. പഴയ കൂട്ടാണ്. എപ്പോഴാണ് ഇടിഞ്ഞു എല്ലാവരുടെയും തലയിൽ വീഴുകയെന്നറിയില്ല. മൂന്നു സെൻ്റ് കുടികിടപ്പ് കിട്ടിയതാണ്.

അളന്നു കിട്ടിയപ്പോൾ അര സെൻ്റ് പുറമ്പോക്കാണ്. പ്ളാൻ എടുക്കുമ്പോൾ രണ്ടര സെൻ്റ് ആണ്. ഒരു ബാങ്കും ലോൺ തരില്ല. കുറഞ്ഞത് മൂന്നു സെൻ്റ് വേണം താനും. അതു തന്നെയല്ല, കുട്ടനച്ഛാച്ഛൻ്റെ അച്ഛൻ്റെ പേരിലാണ് പട്ടയം, അനുജനും സഹോദരിയും അവകാശികളാണ്. അവരെല്ലാം ഒപ്പിട്ടു ആധാരമാക്കികൊടുക്കണം ചേട്ടന്. മരുമക്കൾ ആരും സമ്മതിക്കില്ല. എല്ലാവർക്കും സ്ഥിതിയുണ്ടെങ്കിലും വീതം വേണം, എന്തുചെയ്യാൻ, രണ്ടു സെൻ്റ് മൂന്നു വീതമാക്കിയാൽ ഒരോരുത്തർക്ക് എന്തു കിട്ടാനാണ്?

രണ്ടു സെൻ്റ് പുറത്തു നിന്നാരും വാങ്ങില്ല. ആരെങ്കിലും എടുത്തൊണ്ടു കുട്ടനച്ഛാച്ഛന് പണം കൊടുക്കുമോ അതുമില്ല. സർക്കാർ ജീവനക്കാരായ സഹോദരങ്ങൾക്ക് “എണ്ണി ചുട്ട അപ്പം” പോലെ കിട്ടുന്ന ശമ്പളം അവർക്ക് തികയുന്നില്ലത്രെ അപ്പോൾ കൂലിപ്പണിക്കാരൻ ജീവിക്കുന്നതെങ്ങനെ? അതൊന്നും അവർക്കറിയണ്ട. “പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെക്കൊണ്ടു തീറ്റിക്കുകയുമില്ല” എന്നു പറഞ്ഞപോലെയാണ്.

മൂത്ത മകനായ കുട്ടനച്ഛാച്ഛനാണ് സഹോദരി യമുനയെ വിവാഹം കഴിച്ചു വിട്ടത്. അവരുടെ മക്കളും വസ്തു വിറ്റ് വീതം വേണമെന്നു പറഞ്ഞ് നില്പാണ്. ഹൈവേ വന്നു നല്ല വില കിട്ടുമെന്നാ അവര് പറയുന്നത്.
ഹൈവേയ്ക്കായി വീണ്ടും അര സെൻ്റ് സ്ഥലം പോയി നിലവിൽ രണ്ടു സെൻ്റ് സ്ഥലം മാത്രമേ ഉള്ളു.
അനിയത്തിയുടെ ഭർത്താവ് വില്ലേജ് ഓഫീസറാണ്. ജീവിക്കാൻ നല്ല ചുറ്റു പാടുണ്ട്.

അനുജൻ പോലീസിലാണ്. പെണ്ണുകെട്ടികഴിഞ്ഞ് പോലീസ് ക്വാർട്ടേഴ്സിലേക്ക് താമസം മാറി. അവൻറെ ഭാര്യ വീതം കിട്ടാതെ സമ്മതിക്കില്ല. അവർക്ക് ഒരു മകളെ വിവാഹം കഴിച്ചു വിടാനുണ്ടു പോലും.

കുട്ടനച്ഛാച്ഛാന് രണ്ടു ആൺമക്കളാണ്. ഭാര്യ കൊറോണ മൂലം മരിച്ചുപോയി. “മക്കൾ വലുതാകുമ്പോൾ കുട്ടനച്ചാച്ചൻറെ ദുരിതങ്ങളൊക്കെ മാറും” അനുജൻ എപ്പോഴും പറയും.

“ഈ കുട്ടികളെ ഞാൻ എങ്ങനെ പഠിപ്പിക്കും. എനിക്ക് പ്രായമായി. വീട്ടിലെ പ്രാരാബ്ധം കാരണം താമസിച്ചല്ലേ കെട്ടിയത് “

“അത് ഞങ്ങളെന്തിനറിയണം. ഞങ്ങളുടെ കുട്ടികളുടെ കാര്യം നോക്കണം. ടൗണിൽ ഞങ്ങളുടെ സ്റ്റാറ്റസ് അനുസരിച്ച് ജീവിക്കാൻ ഞങ്ങളുടെ രണ്ടു പേരുടെയും ശമ്പളം തികയില്ല. ചേട്ടൻ്റെ കുട്ടികളെ നോക്കെണ്ടത് ചേട്ടൻ്റെ കടമയാണ്”

ഇങ്ങനെ കണ്ണിൽചോരയില്ലാതെ സംസാരിക്കുന്നതുകേട്ട് അയാൾ സ്തംഭിച്ചു നിന്നുപോയി. ചെറുപ്പത്തിലേ അപ്പനും അമ്മയും മരിച്ചു പോയി. കൂലിവേല എടുത്താണു സഹോദരങ്ങളെ വളർത്തിയത്. നഗര ജീവിതം അനുജൻ്റെ സ്വഭാവത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി.

അനുജൻ സുമേഷ് ഒരു ദിവസം കോരിച്ചൊരിയുന്ന മഴയത്ത് തറവാട്ടിലെത്തി “കുട്ടനച്ഛാച്ഛാ, ഞാൻ ഈ സ്ഥലം ഒരു കച്ചവടക്കാരനു വിറ്റു. അടുത്തമാസം ആധാരം ചെയ്തു കൊടുക്കണം “

“അപ്പോൾ, ഞാനിക്കുട്ടികളുമായി എങ്ങോട്ട് പോകും?”
“ഞാനോരു വാടകവീട് എടുത്തു തരാം. വാടക മാസന്തോറും ഞാൻ കൊടുത്തോളാം “

“ഇതാ അവർ തന്ന അഡ്വാൻസ് തുക അമ്പതിനായിരമുണ്ട്. ആധാരം കഴിഞ്ഞെ അവർ ബാക്കി തരൂ.”
ഒരു നോട്ട് കെട്ട് സുമേഷ് അയാളുടെ കയ്യിൽ വച്ചു കൊടുത്തു. അയാൾ മനസ്സില്ലാമനസ്സോടെ ആ തുക വാങ്ങി.

പ്ലസ് വണ്ണിനും പ്ലസ് ടൂവിനും പഠിക്കുന്ന മക്കളായ ഉണ്ണിയും കണ്ണനും സ്കൂളിൽ നിന്നും വന്നു വിവരങ്ങൾ അറിഞ്ഞപ്പോൾ അയാളെ അവർ വഴക്ക് പറഞ്ഞു.

“അച്ഛാ, അവർക്ക് നല്ല സ്ഥിതിയുള്ളവരാ, മര്യാദക്കാരാണെങ്കിൽ അവർ ഈ സ്ഥലം അച്ഛൻ്റെ പേരിൽ ആധാരം ചെയ്തു തന്നേനെ. നോക്കിക്കോ അച്ഛന് ഈ തുകയിൽ കൂടുതൽ ഒരു രൂപ അവർ തരില്ല. ബറ്റ് വച്ചോ” ഇളയ മകൻ കണ്ണൻ പറഞ്ഞു.

“ഏയ്,അവനങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല”
“അച്ഛനിതുവരെ അച്ഛൻ്റെ സഹോദരങ്ങളുടെ മനസ്സിലിരിപ്പ് തിരിച്ചറിഞ്ഞിട്ടില്ല. അച്ഛൻ്റെ ഇഷ്ടം പോലെയാകട്ടെ” മൂത്ത മകൻ ഉണ്ണിയും പറഞ്ഞു.

തുള്ളിതോരാത്ത മഴയുള്ള ഒരു ദിവസം ആധാരം നടന്നു. തിരുവനന്തപുരത്തുള്ള സഹോദരി യമുനയും വന്നൊപ്പിട്ടു. അടുത്ത ദിവസം തന്നെ അനുജൻ സുമേഷ് ഏർപ്പാടാക്കിയ ഒരു ചെറിയ വീട്ടിലേയ്ക്ക് കുട്ടനച്ഛാച്ഛൻ താമസം മാറി. വീട്ടുടമസ്ഥൻ രണ്ടു മൂന്നു മാസം വാടക ചോദിച്ചതെയില്ല. വീട്ടുടമസ്ഥൻ ഒരു ദിവസം പറഞ്ഞു. “നിങ്ങൾ വന്നിട്ട് നാലു മാസമായി, മൂന്നു മാസത്തെ വാടക സുമേഷ് തന്നു. ഒരു മാസം കുടിശ്ശികയാണ് അയാളോട് ചോദിച്ചപ്പോൾ നിങ്ങൾ വാടക തരുമെന്നു പറഞ്ഞു

“ഞങ്ങളോ” അയാൾ സ്തബ്ധനായി.
അയാൾ അനുജനെ ഫോൺ വിളിച്ചു.
“കുട്ടനച്ഛാച്ഛാ, എൻ്റെ കയ്യിൽ പണമൊന്നുമില്ല. വസ്തു വിറ്റ് കിട്ടിയ പണം എൻ്റെ പുതിയ വീട് പണിത കോൺട്രാക്ടന്മാർക്ക് കൊടുത്തു. കുറച്ചു പണം യമുനയ്ക്കും കൊടുത്തു”
“ഞാനിനി എന്നാ ചെയ്യുമെടാ? എൻ്റെ മക്കളോട് എന്തു പറയും. വസ്തുവിൽക്കരുതെന്നു ആവുന്നതു പറഞ്ഞതാ”

“അവന്മാരെ അധികം പഠിപ്പിക്കണ്ട. വല്ല പണിയ്ക്കും പോകട്ടെ. മൂവരും പണിയെടുത്താൽ സുഖമായി ജീവിക്കാം”
“ഞാൻ സഹോദരങ്ങളെ വിശ്വസിച്ചു. ഇങ്ങനെ മറ്റുള്ളവരൂടെ പിടിച്ചു മേടിച്ചു ജീവിച്ചിട്ടു കാര്യമില്ല. നിൻറെ മക്കൾ നിന്നെ നോക്കുമെന്നുറപ്പുണ്ടോ? ഞാൻ വിശ്വാസവഞ്ചനയ്ക്കൊന്നിനും കേസ്സിന് പോണില്ല. സഹോദരങ്ങളല്ലേ? മുകളിൽ ഒരു ശക്തിയുണ്ട്. ഞങ്ങളതിൽ വിശ്വസിക്കുന്നനിയാ. നീ സുഖമായി ജീവിക്ക് “

കുട്ടനച്ഛാച്ഛൻറെ മക്കൾ മറ്റു മാർഗ്ഗമില്ലാതെ പഠനം നിർത്തി. അവർ ഒരു കോൺടാക്റ്ററുടെ കൂടെ ടൈലിൻ്റെ പണിയ്ക്കും പെയിൻ്റിങിനും ചേർന്നു.

പിന്നീടവർ സ്വന്തമായി ചെറിയ വർക്കുകൾ കോൺടാക്റ്റ് എടുത്തു. ഇന്ന് അവർ ആ പ്രദേശത്ത് അറിയപ്പെടുന്ന കോൺട്രാക്റ്റന്മാരാണ്. സ്ഥലം വാങ്ങി രണ്ടു നില വീട് വച്ചു. പണക്കാരായി

സുമേഷിൻ്റെ മകൾ അന്യമതസ്ഥൻറെ കൂടെ ഒളിച്ചോടിപ്പോയി. മകൻ പഠനനത്തിൽ ഉഴപ്പി, കോളേജിൽ വച്ച് കഞ്ചാവ് കേസ്സിൽ പോലീസ് അറസ്റ് ചെയ്ത് ജയിലിലായി. മകനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കേസ് നടത്തി. കടക്കെണിയിലായി. വീട് ബാങ്ക്കാർ ജപ്തി ചെയ്തു. ഇപ്പോൾ വാടകയ്ക്കാണു താമസം.

കുട്ടനച്ഛാച്ഛാൻ തൻ്റെ മക്കളോട് എപ്പോഴും പറയും “പ്രപഞ്ചശക്തിയുടെ നീതിക്ക് നിരക്കാത്തതൊന്നും പ്രവർത്തിക്കരുത്” ആ മക്കൾ ആ വചനം ശിരസ്സാവഹിച്ചു ജീവിച്ചു. അവരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ കുളിർമഴ പെയ്തു കൊണ്ടിരുന്നു.

പ്രസാദ് മൂലയിൽ, കോട്ടയം

Send your news and Advertisements

You may also like

error: Content is protected !!