Saturday, July 25, 2026
Home » “സുലൈമാനിയുടെ ആവിയിൽ കണ്ട രാജ്യം”
"സുലൈമാനിയുടെ ആവിയിൽ കണ്ട രാജ്യം"

“സുലൈമാനിയുടെ ആവിയിൽ കണ്ട രാജ്യം”

by Editor

വ്യാഴാഴ്ച.
കണ്ണുതുറന്നപ്പോൾ മനസ്സിൽ ആദ്യം വിരിഞ്ഞത് ഒരു ചെറുപുഞ്ചിരിയായിരുന്നു.
“ഇന്ന് നല്ല ദിവസമാണല്ലോ…”
ആ ചിന്തയ്ക്ക് ആയുസ്സ് അധികമുണ്ടായില്ല.
വീട്ടിലാകെ നിശ്ശബ്ദത. കുട്ടികളും ചെറിയാനും കൂർക്കംവലിച്ച് ഉറക്കത്തിന്റെ ഏഴാം ആകാശത്ത്. അപ്പോഴാണ് ഒരാഴ്ച മുമ്പ് വന്ന സന്ദേശം മനസ്സിൽ തെളിഞ്ഞത്.
“നാളെ അധ്യാപകർ പണിമുടക്കിലാണ്.”
“ഹോ… അതാണല്ലേ ഇന്ന്!”

അപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒന്നായി ചുരുങ്ങി—ഒരു കിടിലൻ സുലൈമാനി.
അടുക്കളയിൽ വെള്ളം തിളയ്ക്കാൻ തുടങ്ങി. ചായയുടെ മണം വീട്ടിലാകെ പടർന്നു. പുറത്തു മഴയില്ലെങ്കിലും, ഉള്ളിൽ ഒരു മഴക്കാലസുഖം.
ചായ കൈയിലെടുത്ത് ഹാളിലെ കസേരയിലിരുന്നപ്പോൾ അടുത്ത ദൗത്യം ഓർമ്മവന്നു.
“റൂക്സ്, വീട് വൃത്തിയാക്കണം.”
ബ്ലൂവിനോട് പറഞ്ഞിട്ടും റൂക്സ് അനങ്ങിയില്ല.
“ഈയിടെയായി ഇവനും സർക്കാർ ഓഫീസുകാരുടെ യൂണിയനിൽ ചേർന്നോ?” എന്ന് സ്വയം പറഞ്ഞ് ഞാൻ ചിരിച്ചു.

അതുവരെ ചെറിയാൻ ഓടിവന്നു.
അവന്റെ പതിവ് പുരാണം തുടങ്ങുന്നതിന് മുമ്പ് ഞാൻ അവന്റെ ഭാഷയിൽ തന്നെ സമാധാന ഉടമ്പടി ഒപ്പിട്ടു. അവൻ സംതൃപ്തനായി പോയി.
സുലൈമാനിയുടെ അവസാന കവിൾ കുടിച്ചുകൊണ്ട് വാട്ട്സ്ആപ്പ് തുറന്നു.

പ്രസിഡന്റിന്റെ ക്ഷണം.
“പുതിയ ഗ്രൂപ്പിലേക്ക് സ്വാഗതം.”
അകത്ത് കടന്നപ്പോൾ വാർത്തകൾ.
വിദ്യാർത്ഥികളുടെ സമരം.
പഠിക്കാനാണ് സമരം. പഠിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആ സമരത്തെ അടിച്ചമർത്താൻ അധികാരത്തിന്റെ കനത്ത ചെരുപ്പ് തയ്യാറെടുക്കുന്നു.

അപ്പോൾ മറ്റൊരു വീഡിയോ കണ്ണിൽപെട്ടു.
ഒരു വൃദ്ധൻ.
കൈയിൽ ഒരു വെള്ള പേപ്പർ.
“മടക്കൂ…”
എല്ലാവരും മടക്കി.
“മൂല കീറൂ…”
എല്ലാവരും കീറി.
വീണ്ടും മടക്കാൻ പറഞ്ഞു. വീണ്ടും കീറാൻ പറഞ്ഞു.
അവസാനം പേപ്പർ നിവർത്താൻ പറഞ്ഞു.
ഒരു നിമിഷം നിശ്ശബ്ദം.
ഒരൊറ്റ പേപ്പറും മറ്റൊന്നുപോലെയായിരുന്നില്ല.
വൃദ്ധൻ ചിരിച്ചു.
“ഞാൻ പറഞ്ഞത് എല്ലാവരും ഒരുപോലെ കേട്ടു. പക്ഷേ ഓരോരുത്തരും അവരവരുടെ അനുഭവം പോലെ മടക്കി. മനുഷ്യർ അങ്ങനെയാണ്.”
ആ വാക്കുകൾ കേട്ട നിമിഷം സുലൈമാനിയുടെ ചൂട് തണുത്തുപോയി.

അധികാരത്തിന് ഒരു രോഗമുണ്ട്.
എല്ലാ മനുഷ്യരെയും ഒരേ മാതൃകയിൽ മടക്കാമെന്നാണ് അവർ കരുതുന്നത്.
എല്ലാവരും ഒരേപോലെ ചിന്തിക്കണം.
ഒരേപോലെ സംസാരിക്കണം.
ഒരേപോലെ തലകുനിക്കണം.
അല്ലെങ്കിൽ… മൂലകൾ കീറിക്കളയും.
പക്ഷേ അവർ മറക്കുന്ന ഒരു സത്യമുണ്ട്.
മനുഷ്യൻ പേപ്പറല്ല.
അധ്യാപകൻ ശമ്പള സ്ലിപ്പല്ല.
വിദ്യാർത്ഥി ഹാജർ രജിസ്റ്ററിലെ ഒരു നമ്പറുമല്ല.
അവർക്കെല്ലാം മനസ്സാക്ഷിയുണ്ട്.

അതുകൊണ്ടുതന്നെ, പണത്തിന്റെ മണത്തിന് വഴങ്ങാത്ത ചില അധ്യാപകരും, ഭീഷണിയുടെ നിഴലിൽ പോലും തലകുനിക്കാത്ത ചില വിദ്യാർത്ഥികളും ഇന്നും ഈ നാട്ടിലുണ്ട്.
അവരാണ് വിദ്യാഭ്യാസത്തിന്റെ അവസാന വിളക്കുകൾ.
ആ വിളക്കുകൾ അണയ്ക്കാൻ കാറ്റ് പലതവണ ശ്രമിക്കും.
പക്ഷേ ഒരു സത്യമുണ്ട്.
വിളക്കുകളെ അണയ്ക്കാൻ ഇരുട്ടിന് കഴിയും. വെളിച്ചത്തെ തോൽപ്പിക്കാൻ ഒരിക്കലും കഴിയില്ല.

സുലൈമാനിയുടെ ഗ്ലാസ് കാലിയായി.
പക്ഷേ അതിന്റെ അടിത്തട്ടിൽ ഒരു ചോദ്യമിപ്പോഴും ബാക്കിയായിരുന്നു.
“അധികാരത്തിന്റെ കൈകളിൽ പേപ്പർ കിട്ടിയാൽ അവർ മനുഷ്യനെ മടക്കാൻ നോക്കും;
അറിവിന്റെ കൈകളിൽ പേപ്പർ കിട്ടിയാൽ അവർ മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കും.”

ആ വ്യത്യാസം തിരിച്ചറിയുന്നിടത്താണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ വിദ്യാഭ്യാസം തുടങ്ങുന്നത്.

ഉണ്ണിസാൻ

 

Send your news and Advertisements

You may also like

error: Content is protected !!